താന്‍ സിനിമയിലേക്ക് വരാന്‍ പ്രചോദനമായ വ്യക്തികളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒരാള്‍ സൂപ്പര്‍ സ്റ്റാര്‍ വിക്രം ആണെന്ന് കന്നഡ താരവും സംവിധായകനുമായ ഋഷഭ് ഷെട്ടി തുറന്നു പറഞ്ഞിട്ടുണ്ട്. ഒടുവില്‍ തനിക്ക് ഏറ്റവും പ്രിയപ്പെട്ട താരത്തെ നേരില്‍ കണ്ടിരിക്കുകയാണ് ഋഷഭ് ഷെട്ടി.
'തങ്കലാന്' ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് വിക്രം ബെംഗളൂരുവില്‍ എത്തിയപ്പോഴാണ് ഈ കൂടിക്കാഴ്ച നടന്നത്. വിക്രത്തെ കണ്ട ശേഷം ഭൂമിയിലെ ഏറ്റവും ഭാഗ്യവാനായ വ്യക്തി താന്‍ ആണെന്ന് തോന്നുകയാണ് എന്നാണ് ഋഷഭ് താരത്തിനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ചു കൊണ്ട് സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്.
''നടന് ആവാനുള്ള എന്റെ യാത്രയില്‍ എപ്പോഴും പ്രചോദനമായിരുന്നത് വിക്രം സാര്‍ ആയിരുന്നു. 24 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം എന്റെ ആരാധനാമൂര്‍ത്തിയെ ഇന്ന് നേരില്‍ക്കാണുമ്പോള്‍ തോന്നുന്നത് ഭൂമിയിലെ ഏറ്റവും ഭാഗ്യവാനായ വ്യക്തി ഞാന്‍ ആണെന്നാണ്. എന്നെ പോലുള്ള നിരവധി നടന്മാര്ക്ക് പ്രചോദനമാകുന്നതിന് നന്ദി.''
''തങ്കലാന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു, ലവ് യു'' എന്നാണ് ഡ്രീം കം ട്രൂ, തങ്കലാന് എന്നീ ഹാഷ്ടാഗുകള്‍ക്കൊപ്പം ഋഷഭ് ഷെട്ടി കുറിച്ചത്.