മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഉള്‍പ്പെടെ ഉന്നത അമേരിക്കന്‍ നേതാക്കളെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ പാക്കിസ്ഥാന്‍ പൗരന്‍ അറസ്റ്റില്‍. 46 കാരനായ ആസിഫ് മെര്‍ച്ചന്റിനെയാണ് എഫ്ബിഐ ജൂലൈ 12ന് കസ്റ്റഡിയില്‍ എടുത്തത്. ഓഗസ്റ്റ്-സെപ്റ്റംബര്‍ മാസങ്ങളില്‍ ഉന്നത അമേരിക്കന്‍ രാഷ്ട്രീയ നേതാക്കളെ വധിക്കാന്‍ വാടക കൊലയാളികളെ ഏര്‍പ്പാട് ചെയ്തു എന്നതാണ് ഇയാള്‍ക്കെതിരെ ചുമത്തിയ പ്രധാന കുറ്റം. ഇയാള്‍ അമേരിക്ക വിടാന്‍ ഒരുങ്ങുമ്പോഴാണ് അറസ്റ്റ് ചെയ്തത്. കുറ്റപത്രം കേന്ദ്ര ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റ് ഇന്നലെ കോടതിയില്‍ സമര്‍പ്പിച്ചു.
ഇയാള്‍ക്ക് ഇറാനുമായി ബന്ധമുണ്ടെന്നും എഫ്ബിഐ ആരോപിച്ചു. അതേസമയം, ജൂലായ് 13-ന് പെന്‍സില്‍വാനിയയിലെ ബട്ട്ലറില്‍ ട്രംപിനെതിരായ വധശ്രമവുമായി ആസിഫിന്റെ ആക്രമണ പദ്ധതിയ്ക്ക് എന്തെങ്കിലും ബന്ധമുള്ളതായി സൂചനകളില്ല. ആസിഫ് റാസ മെര്‍ച്ചന്റ് എന്നാണ് ഇയാള്‍ അറിയപ്പെടുന്നത്. പാകിസ്ഥാനിലും ഇറാനിലും ഭാര്യമാരും കുട്ടികളുമുണ്ട്. ഇറാന്‍, സിറിയ, ഇറാഖ് എന്നിവിടങ്ങളിലേക്ക് ആസിഫ് ഇടയ്ക്കിടെ യാത്ര ചെയ്യാറുണ്ടെന്ന് അദ്ദേഹത്തിന്റെ യാത്രാ രേഖകള്‍ പറയുന്നു.
തന്റെ പദ്ധതികള്‍ക്കായി, ആസിഫ് മര്‍ച്ചന്റ് അക്രമികളെന്ന് കരുതുന്ന ആളുകളെ വാടകയ്ക്കെടുത്തു. എന്നാല്‍ അവര്‍ യഥാര്‍ത്ഥത്തില്‍ രഹസ്യ ഏജന്റുമാരായിരുന്നു. ഇവിടെയാണ് ഇയാള്‍ക്ക് പിഴച്ചതെന്ന് എഫ്ബിഐ പറയുന്നു. ജൂലൈ 12 ന് വിമാനം കയറാന്‍ ഒരുങ്ങുന്നതിനിടെയാണ് അറസ്റ്റ്.