ബിഹാറില്‍ പാലങ്ങള്‍ തകരുന്നത് പതിവ് കാഴ്ചയാകുമ്പോള്‍ വൈറലാവുകയാണ് മൂന്ന് കോടി രൂപയുടെ ഒരു പാലം. ബിഹാറിലെ അററിയ ജില്ലയിലെ പരമാനന്ദപൂര്‍ എന്ന ഗ്രാമത്തിലാണ് ഈ വൈറല്‍ പാലം. ഒരു പാടശേഖരത്തിന്റെ നടവില്‍ അപ്രോച്ച് റോഡ് പോലുമില്ലാതെ കോണ്‍ക്രീറ്റ് കൊണ്ട് കെട്ടിപ്പൊക്കിയിരിക്കുന്ന ഈ പാലത്തിന് ചെലവായത് മൂന്ന് കോടി രൂപയാണ്.
മുഖ്യമന്ത്രിയുടെ ഗ്രാമീണ്‍ സഡക് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ ഈ പദ്ധതിയില്‍ പാലം മാത്രമല്ല മൂന്ന് കിലോമീറ്റര്‍ നീളമുളള റോഡും ഉള്‍പ്പെട്ടിട്ടുണ്ട്. എന്നാല്‍ പാടശേഖരത്തിന് നടുവില്‍ പാലം കെട്ടിയുയര്‍ത്തിയ പാലത്തിന് അപ്രോച്ച് റോഡ് നിര്‍മ്മിച്ചിട്ടില്ല. റോഡില്ലാത്തതിനാല്‍ വാഹനങ്ങള്‍ക്കെന്നല്ല, ജനങ്ങള്‍ക്ക് പോലും പാലം കയറണമെങ്കില്‍ ഒരു കുന്ന് കയറുന്ന പരിശ്രമം വേണം.
റോഡില്ലാതിരുന്ന ഈ ഗ്രാമത്തിലേക്ക് പാടത്തിന് കുറുകെയുള്ള ചെറിയ വെള്ളക്കെട്ട് മുറിച്ച് കടക്കും വിധത്തിലായിരുന്നു റോഡും നടുവിലുള്ള പാലവും പണിയാന്‍ പദ്ധതി തയ്യാറാക്കിയത്. പാടത്തിന്റെ ഉടമസ്ഥന്‍ ആദ്യം റോഡിനും പാലത്തിനും സമ്മിതിച്ചിരുന്നെങ്കിലും പിന്നീട് ഇയാള്‍ പണം കൂടുതല്‍ ആവശ്യപ്പെട്ടതോടെ പദ്ധതി പാതിയില്‍ മുടങ്ങുകയായിരുന്നു എന്ന് നാട്ടുകാരില്‍ ഒരാള്‍ പറയുന്നതായാണ് ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്.
സോഷ്യല്‍ മീഡിയയില്‍ മൂന്ന് കോടിയുടെ പാലം വൈറലായതോടെ ഉദ്യോഗസ്ഥരും രംഗത്തെത്തി. പാലത്തിന്റെ വീഡിയോ വൈറലായപ്പോള്‍ മാത്രമാണ് അറിയുന്നത് എന്നാണ് ഉദ്യോഗസ്ഥ ഭാഷ്യം. എന്തുകാണ്ട് ഇത് സംഭവിച്ചു എന്ന് അന്വേഷിക്കുമെന്നും അധികൃതര്‍ പറഞ്ഞു.