വയനാട് ദുരന്തബാധിത പ്രദേശത്ത് ഇന്ന് ജനകീയ തിരച്ചില്‍ ; സൈന്യം ഇന്നലെ മടങ്ങി ; പ്രധാനമന്ത്രി നാളെയെത്തും

വയനാട് ദുരന്തബാധിത പ്രദേശത്ത് ഇന്ന് ജനകീയ തിരച്ചില്‍ ; സൈന്യം ഇന്നലെ മടങ്ങി ; പ്രധാനമന്ത്രി നാളെയെത്തും
ദുരന്തത്തിന്റെ പതിനൊന്നാം നാള്‍ വയനാട് ദുരന്തബാധിത പ്രദേശത്ത് ഇന്ന് ജനകീയ തിരച്ചില്‍. ദുരന്തത്തെ അതി ജീവിച്ചവരെ കൂടി ഉള്‍പ്പെടുത്തിയായിരിക്കും ജനകീയ തിരച്ചില്‍ നടക്കുക. രാവിലെ എട്ടുമണി മുതല്‍ 11 മണി വരെയാണ് ചൂരല്‍മല മുണ്ടക്കൈ പുഞ്ചിരി മട്ടം പ്രദേശങ്ങളില്‍ തിരച്ചില്‍ നടക്കുക .

ഫയര്‍ഫോഴ്‌സും എന്‍ഡിആര്‍എഫും സന്നദ്ധപ്രവര്‍ത്തകരും തിരച്ചിലില്‍ ഒപ്പം ചേരും.

ഉരുള്‍പൊട്ടല്‍ ദുരന്തത്തിന് തൊട്ടടുത്ത ദിവസം മുതല്‍ മേഖലയില്‍ രക്ഷാപ്രവര്‍ത്തനത്തിന് എത്തിയ സൈന്യം ഇന്നലെ മടങ്ങിയിരുന്നു. പ്രദേശവാസികളെ കൂടി പങ്കെടുപ്പിച്ചുള്ള ജനകീയ തിരച്ചിലില്‍ ആരെയെങ്കിലും കണ്ടെത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷ. രാവിലെ ക്യാമ്പുകളില്‍ നിന്ന് ബസ് മാര്‍ഗം ആയിരിക്കും ഇവരെ ദുരന്ത ഭൂമിയിലേക്ക് എത്തിക്കുക .

അതേസമയം പ്രധാനമന്ത്രി നരേന്ദ്രമോദി എത്തുന്ന നാളെ കര്‍ശന നിയന്ത്രണങ്ങളാണ് വയനാട്ടില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. രാവിലെ 11.20 ന് കണ്ണൂര്‍ വിമാനത്താവളത്തിലെത്തുന്ന പ്രധാനമന്ത്രി ഹെലികോപ്റ്ററില്‍ കല്‍പ്പറ്റയിലെത്തും. ദുരന്തഭൂമി സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി വ്യോമനിരീക്ഷണവും നടത്തും. വൈകിട്ട് 3.45 ന് കണ്ണൂരില്‍ നിന്നു ഡല്‍ഹിക്കു മടങ്ങും.

അതേസമയം, വയനാട് ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇക്കാര്യം കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തില്‍ അനുകൂല നടപടി പ്രതീക്ഷിക്കുന്നുവെന്നും മുഖ്യമന്ത്രി.

Other News in this category



4malayalees Recommends