നടന്‍ മോഹന്‍ലാലിനെതിരെ അപകീര്‍ത്തിപരമായ പരമാര്‍ശം നടത്തിയ 'ചെകുത്താന്‍' എന്ന യുട്യൂബ് ചാനല്‍ ഉടമ അജു അലക്‌സിന് കോടതി ജാമ്യം നല്‍കി. തിരുവല്ല പൊലീസ് ആണ് അജുവിനെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടത്. നേരത്തെ, യൂട്യൂബറുടെ കൊച്ചി ഇടപ്പള്ളിയിലെ താമസ സ്ഥലത്തുനിന്നും കമ്പ്യൂട്ടര്‍ അടക്കം എല്ലാ ഉപകരണങ്ങളും പൊലീസ് പിടിച്ചെടുത്തിരുന്നു. അമ്മ ജനറല്‍ സെക്രട്ടറി നടന്‍ സിദ്ദീഖിന്റെ പരാതിയിലാണ് മോഹന്‍ലാലിനെ അപമാനിച്ചതിന് അജുവിനെതിരെ കേസെടുത്തത്.
മോഹന്‍ലാല്‍ വയനാട് ദുരന്തമേഖല സന്ദര്‍ശിച്ചതിന് എതിരെയായിരുന്നു അജു അലക്‌സിന്റെ പരാമര്‍ശം. മോഹന്‍ലാലിന്റെ ആരാധകരില്‍ വിദ്വേഷം ഉളവാക്കുന്ന രീതിയിലാണ് അജു അലക്‌സിന്റെ പരാമര്‍ശമെന്നും തിരുവല്ല പൊലീസ് രജിസ്ട്രര്‍ ചെയ്ത എഫ്‌ഐആറില്‍ പറയുന്നു.