'' സാരി കില്ലര്‍'' പിടിയിലായി ; രണ്ടാനമ്മയോടുള്ള വെറുപ്പ് ക്രൂരതയിലേക്ക് നയിച്ചു ; ഒമ്പത് സ്ത്രീകളെ കഴുത്ത് ഞെരിച്ച് കൊന്ന് തള്ളിയ പ്രതിയെ പൊലീസ് പിടികൂടിയത് അതി വിദഗ്ധമായി

'' സാരി കില്ലര്‍'' പിടിയിലായി ; രണ്ടാനമ്മയോടുള്ള വെറുപ്പ് ക്രൂരതയിലേക്ക് നയിച്ചു ;  ഒമ്പത് സ്ത്രീകളെ കഴുത്ത് ഞെരിച്ച് കൊന്ന് തള്ളിയ പ്രതിയെ പൊലീസ് പിടികൂടിയത് അതി വിദഗ്ധമായി
മധ്യവയ്കരായ സ്ത്രീകളെ തിരഞ്ഞുപിടിച്ച് കൊലപ്പെടുത്തിയ 'സാരി കില്ലര്‍' എന്നറിയപ്പെടുന്ന സീരിയല്‍ കില്ലര്‍ ബറേയ്‌ലിയില്‍ അറസ്റ്റില്‍. 35 കാരനായ കുല്‍ദീപ് ഗംഗ്‌വാര്‍ എന്നയാളാണ് പൊലീസ് പിടിയിലായിരിക്കുന്നത്. 13 മാസത്തിനിടെ ഒമ്പത് സ്ത്രീകളെയാണ് ഇയാള്‍ കൊലപ്പെടുത്തിയത്. കൊലപാതകങ്ങളെല്ലാം ഒരേ രീതിയില്‍ ആയിരുന്നുവെന്നതാണ് സീരിയല്‍ കില്ലര്‍ എന്ന അനുമാനത്തിലേക്ക് പൊലീസിനെ എത്തിച്ചത്. 45 നും 65 നും ഇടയില്‍ പ്രായമുള്ള സ്ത്രീകളെ അവര്‍ ധരിച്ച സാരികൊണ്ട് കഴുത്ത് മുറുക്കി ശ്വാസം മുട്ടിച്ച് കൊന്ന് കരിമ്പിന്‍ തോട്ടത്തില്‍ ഉപേക്ഷിക്കുകയാണ് ഇയാളുടെ പതിവ്. 2023 ജൂണ്‍ മുതല്‍ 2024 ജൂലൈ വരെ ഒമ്പത് പേര്‍ ഇത്തരത്തില്‍ കൊല്ലപ്പെട്ടിരുന്നു.

ഒടുവില്‍ പ്രദേശത്തുള്ള ആളുകളുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് പ്രതിയുടേതെന്ന് കരുതുന്ന രേഖാ ചിത്രം കഴിഞ്ഞ ദിവസം തയ്യാറാക്കി. കുല്‍ദീപിന്റെ പക്കല്‍ നിന്ന് കഴിഞ്ഞ വര്‍ഷം കൊല്ലപ്പെട്ട നാല് സ്ത്രീകളുടെ വസ്ത്രം, ആഭരണം, ആധാര്‍ കാര്‍ഡ് തുടങ്ങിയവ പൊലീസ് കണ്ടെടുത്തു. കുല്‍ദീപിനെ കണ്ടെത്താന്‍ 1500 സിസിടിവി ക്യാമറ ദൃശ്യങ്ങളാണ് പൊലീസ് പരിശോധിച്ചത്. കുല്‍ദീപിന് സ്വന്തമായി മൊബൈല്‍ ഫോണ്‍ ഉണ്ടായിരുന്നില്ല. കൊലപാതകങ്ങള്‍ നടന്ന സ്ഥലങ്ങളില്‍ 25 കിലോമീറ്റര്‍ ചുറ്റളവില്‍ 600 ലധികം സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചിരുന്നു. ഒന്നരലക്ഷം മൊബൈല്‍ ഫോണില്‍നിന്നുള്ള ഡാറ്റയും പൊലീസ് പരിശോധിച്ചു.

കുടുംബത്തിലുണ്ടായ നിരന്തരമായ വഴക്കുകള്‍ കുല്‍ദീപിനെ ബാധിച്ചിരുന്നുവെന്നാണ് പൊലീസ് റിപ്പോര്‍ട്ട്. കുല്‍ദീപിന്റെ അമ്മ ജീവിച്ചിരിക്കെ പിതാവ് ബാബുറാം മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചു. രണ്ടാം ഭാര്യയുടെ വാക്കുകേട്ട് ബബുറാം കുല്‍ദീപിന്റെ അമ്മയെ അതിക്രൂരമായി ആക്രമിക്കുമായിരുന്നു, ഇത് കുല്‍ദീപിന്റെ സ്വഭാവത്തെ ബാധിച്ചു. ഇതേ ആക്രമണസ്വഭാവം കുല്‍ദീപിനുമുണ്ടായിരുന്നു. ലഹരിക്ക് അടിമയായി തീര്‍ന്ന കുല്‍ദീപ് ഭാര്യയെ നിരന്തരമായി മര്‍ദ്ദിക്കുമായിരുന്നു. ഇതോടെ ഭാര്യ കുല്‍ദീപിനെ ഉപേക്ഷിച്ചുപോയി. പക കൂടിയ കുല്‍?ദീപ് 50 കാരിയായ രണ്ടാനമ്മയോടുള്ള ദേഷ്യത്തില്‍ മധ്യവയസ്‌കരായ സ്ത്രീകളെ കൊലപ്പെടുത്താന്‍ തുടങ്ങുകയായിരുന്നുവെന്ന് പൊലീസ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. വന്‍ ഭൂസ്വത്ത് ഉള്ളയാളാണ് കുല്‍ദീപെന്നും പൊലീസ് പറയുന്നു.

എട്ടാമത്തെ കൊലപാതകത്തിന് ശേഷം 300 പൊലീസുകാരെ 14 സംഘങ്ങളായി തിരിച്ച് മഫ്തിയില്‍ പ്രദേശത്ത് വിന്യസിച്ചിരുന്നു. ഇവര്‍ പ്രദേശത്ത് പട്രോളിങ് നടത്തുകയും ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ നിരീക്ഷിക്കുകയും ചെയ്യുന്നുണ്ടായിരുന്നു . കുറേക്കാലത്തേക്ക് പിന്നീട് കൊലപാതകങ്ങളുണ്ടായില്ല. ഇതോടെ നാട്ടുകാരും പൊലീസ് സേനയും ഒരുപോലെ ആശ്വസിച്ചു.

എന്നാല്‍ ഒമ്പതാമത്തെ കൊലപാതകം ജൂലൈയില്‍ നടന്നതോടെ നാടാകെ ഞെട്ടി. എട്ടാമത്തെ കൊലപാതകം നടന്ന് ഏഴ് മാസത്തിന് ശേഷമാണ് സമാനമായ രീതിയില്‍ മറ്റൊരു കൊലപാതകം കൂടി നടന്നത്. 45 കാരി അനിതയെയാണ് കരിമ്പ് തോട്ടത്തില്‍ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ നിലയില്‍ ജൂലൈയില്‍ കണ്ടെത്തിയത്. ജൂലൈ രണ്ടിന് ബാങ്കിലേക്ക് പോയതായിരുന്നു അനിത. പിന്നീട് മരിച്ച നിലയിലാണ് കണ്ടെത്തിയത്. ധരിച്ചിരുന്ന സാരികൊണ്ട് ശ്വാസം മുട്ടിച്ചാണ് അനിതയെയും കൊലപ്പെടുത്തിയതെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. കൊലപ്പെടുത്തിയ സ്ത്രീകളെയാരെയും ഇയാള്‍ ലൈം?ഗികമായി ഉപദ്രവിച്ചിരുന്നില്ല.

Other News in this category



4malayalees Recommends