കോട്ടയം നഗരസഭയില്‍ നിന്ന് കോടികള്‍ തട്ടിയ മുന്‍ ജീവനക്കാരന്‍ അഖില്‍, നിലവില്‍ ജോലി ചെയ്യുന്ന വൈക്കം നഗരസഭയിലും തട്ടിപ്പ് നടത്തിയിട്ടുണ്ടോ എന്ന് പരിശോധന. അഖിലിനുള്ള അന്വേഷണം മൂന്നാം ദിവസവും തുടരുകയാണ്. കോട്ടയം നഗരസഭയില്‍ നിന്നും പത്ത് മാസം മുമ്പാണ് അഖില്‍ വൈക്കം നഗരസഭാ കാര്യാലയത്തില്‍ ക്ലര്‍ക്കായി എത്തിയത്.
കോട്ടയം നഗരസഭയില്‍ നിന്നും പെന്‍ഷന്‍ വിതരണത്തിന്റെ മറവില്‍ മൂന്ന് കോടിയിലധികം രൂപ തട്ടിയിട്ടുള്ള അഖില്‍ വൈക്കം നഗരസഭയില്‍ നിന്നും സാമ്പത്തിക തിരിമറി നടത്തിയോ എന്നാണ് പരിശോധിക്കുക. ലോക്കല്‍ ഫണ്ട് ഓഡിറ്റ് വിഭാഗത്തിന്റെ പരിശോധന ആവശ്യപ്പെട്ട് നഗരസഭ കത്ത് നല്‍കിയിരുന്നു. പ്രാഥമിക പരിശോധനയില്‍ തട്ടിപ്പ് കണ്ടെത്തിയിട്ടില്ലെങ്കിലും അഖിലിന്റെ പ്രവര്‍ത്തനത്തില്‍ സംശയം ശക്തമാണ്.
ഓഫീസില്‍ ആരോടും അഖില്‍ അധികം അടുപ്പം കാണിക്കാറില്ലെന്നാണ് വിവരം. ചങ്ങനാശേരിയിലേക്ക് സ്ഥലം മാറ്റത്തിനും ഇയാള്‍ ശ്രമിച്ചിരുന്നതായും വിവരമുണ്ട്. അഖില്‍ കൈകാര്യം ചെയ്തിരുന്ന ക്ഷേമ പെന്‍ഷന്‍, കാഷ്യര്‍ വിഭാഗങ്ങളില്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ പരിശോധന നടത്തിയിട്ടുണ്ട്. അതേസമയം അഖിലിനെ കണ്ടെത്താന്‍ അന്വേഷണ സംഘത്തിനു ഇതുവരെ കഴിഞ്ഞിട്ടില്ല. ഇയാളുടെ കൊല്ലത്തെ വീട് കേന്ദ്രീകരിച്ച് അടക്കം അന്വേഷണം പുരോഗമിക്കുകയാണ്.
നിലവില്‍ അഖില്‍ സസ്‌പെന്‍ഷനിലാണ്. ബാങ്ക് സ്റ്റേറ്റ്‌മെന്റ് പരിശോധിച്ചതില്‍ അപാകതകള്‍ ബോധ്യപ്പെട്ടതോടെയാണ് നടപടി എടുത്തത്.