വയനാട് മുണ്ടക്കൈ ദുരന്തത്തിന് കാരണം കനത്ത മഴ തന്നെയെന്ന് ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ പ്രാഥമിക റിപ്പോര്‍ട്ട്. സ്ഥലത്തിന്റെ ചരിവും മണ്ണിന്റെ ഘടനയും ദുരന്തത്തിന്റെ ആഘാതം ഇരട്ടിയാക്കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രദേശത്ത് നടത്തിയ പ്രാഥമിക പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. പാരിസ്ഥിതിക ആഘാതം അടക്കം ദുരന്തത്തിന് കാരണമായിട്ടുണ്ടോ എന്നത് വിശദമായ പഠനത്തിന് ശേഷം അന്തിമ റിപ്പോര്‍ട്ടിലെ വ്യക്തമാകൂ.
കേരളം കണ്ട ഏറ്റവും വലിയ ദുരന്തത്തിന്റെ കാരണം കനത്ത മഴ തന്നെയാണെന്ന് ആണ് ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ കണ്ടെത്തല്‍. അപകടമുണ്ടായ പ്രദേശത്ത് 2018 മുതല്‍ ഉരുള്‍പൊട്ടലുകള്‍ ഉണ്ടായിട്ടുണ്ട്. 2019ല്‍ പുത്തുമലയിലേത് ഉള്‍പ്പടെ വെള്ളരിമലിയും ചൂരല്‍മലയിലുമൊക്കെയായി ചെറുതും വലുതുമായ നിരവധി ഉരുള്‍പൊട്ടലുകള്‍ സംഭവിച്ചിട്ടുണ്ട്. ജൂലൈ മൂന്നാം വാരം മുതല്‍ ഈ മേഖലകളില്‍ തുടര്‍ച്ചയായി മഴ പെയ്തിട്ടുണ്ട്.
ദുരന്തമുണ്ടാകുന്നതിന് മുമ്പുള്ള 24 മണിക്കൂറില്‍ പുത്തുമലയില്‍ പെയ്തിറങ്ങിയത് 372.6 മി.മീ മഴയാണ്, തെറ്റമലയില്‍ 409 മി.മീ മഴയും. സമീപപ്രദേശങ്ങളിലെല്ലാം മഴ കനത്തുപെയ്തു. തുടര്‍ച്ചയായി മഴ പെയ്ത് നനഞ്ഞു കുതിര്‍ന്ന് കിടന്ന പ്രദേശത്ത്, അധികമായി കനത്ത മഴ പെയ്തിറങ്ങിയപ്പോള്‍ മര്‍ദ്ദം താങ്ങാനായില്ല. അതാണ് ഉരുള്‍പൊട്ടലിനിടയാക്കിയത് എന്നാണ് ജിഎസ്‌ഐ കണ്ടെത്തല്‍. ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് പാറക്കലുകളും, മണ്ണും ചെളിയും, വെള്ളവും ഏഴ് കി.മീ ദൂരത്തോളം ഒഴുകി. ദ്രുതഗതിയില്‍ അവശിഷ്ടങ്ങള്‍ ഒഴുകിയ ആ കുത്തൊഴുക്കില്‍ പുന്നപ്പുഴയുടെ ഗതി മാറി. അങ്ങനെ മുണ്ടക്കൈയും ചൂരല്‍മലയും ശവപ്പറമ്പായി മാറിയെന്നാണ് റിപ്പോര്‍ട്ട്.
ഉരുള്‍പൊട്ടലിന്റെ പ്രഭവ കേന്ദ്രത്തില്‍ 25 മുതല്‍ 40 ഡിഗ്രി വരെ ചരിവ് 5 മീറ്റര്‍ വരെയാണ് മേല്‍മണ്ണിന്റെ കനം. ഉരുള്‍ പൊട്ടാനും ആഘാതം കൂട്ടാനും ഇതെല്ലാം കാരണമായി. 2015-16 കാലഘട്ടത്തില്‍ ഈ മേഖലയില്‍ ജിഎസ്‌ഐ പഠനം നടത്തിയിട്ടുണ്ട്. അന്ന് ചൂരല്‍മല, മുണ്ടൈക്കൈ, വെള്ളരിമല, അട്ടമല ഭാഗങ്ങള്‍ ഉരുള്‍പൊട്ടലിന് മിതമായ സാധ്യതയുള്ള പ്രദേശങ്ങളായാണ് കണ്ടെത്തിയത്. എന്നാല്‍ ഈ പ്രദേശത്തിന്റെ ഉയര്‍ന്ന മലമ്പ്രദേശങ്ങള്‍ അതീവ ഉരുള്‍പൊട്ടല്‍ സാധ്യത പട്ടികയില്‍പ്പെടുത്തിയിരുന്നു. ജിഎസ്‌ഐ ഈ മേഖലയില്‍ വിശദമായ പഠനം നടത്തും. ഇതിന് ശേഷമായിരിക്കും ദുരന്തത്തിന്റെ പൂര്‍ണ ചിത്രം തെളിയുക. പാരിസ്ഥിതിക ആഘാതം അടക്കം ദുരന്തത്തിന് ഇടയാക്കിയിട്ടുണ്ടോ എന്ന് അന്തിമ റിപ്പോര്‍ട്ടില്‍ വ്യക്തമാകും.