ഫേക്ക് ബുക്കിംഗ് വഴി സിനിമയ്ക്ക് ആളുകളെ കയറ്റുന്നത് മലയാള സിനിമയില്‍ പുതിയ പ്രവണതയാണെന്ന് അനൂപ് മേനോന്. ഏകദേശം ഒരു സിനിമ ചെയ്യാനുള്ള അത്രയും തുക ഇത്തരത്തില്‍ ഫേക്ക് ബുക്കിംഗില്‍ ഇന്‍വെസ്റ്റ് ചെയ്യുന്നുണ്ടെന്നാണ് അനൂപ് മേനോന് പറയുന്നത്. തന്റെ പുതിയ ചിത്രം 'ചെക്ക്മേറ്റ്' തിയേറ്ററുകളില്‍ എത്തിയ പശ്ചാത്തലത്തിലാണ് അനൂപ് മേനോന്റെ പ്രതികരണം.
'മലയാള സിനിമയില്‍ കണ്ടുവരുന്ന അപകടകരവും ദു:ഖകരവുമായ പ്രവണത എന്താണെന്ന് വെച്ചാല്‍ ആദ്യത്തെ മൂന്നു ദിവസം ഒരു വലിയ തുക തീയറ്ററുകളിലേക്കിട്ട് ആളുകളെ കൊണ്ടുവരുക എന്നതാണ്. ഏകദേശം ഒരു സിനിമ ചെയ്യാനുളള പണമാണ് തീയറ്ററിലേക്ക് ആളെ കൊണ്ടുവരാന്‍ നിര്‍മാതാക്കള്‍ മുടക്കേണ്ടി വരുന്നത്. എന്നാല്‍ ഇങ്ങനെ പണം മുടക്കുന്നതിലൂടെ തീയറ്ററില്‍ ആളുകള്‍ എത്തുന്നുണ്ടോ! ഇല്ല.
അകത്തുകയറി നോക്കുമ്പോള്‍ 12 പേരേ കാണൂ. ബുക്കിങ്ങ് മാത്രമേ പലപ്പോഴും നടക്കുന്നുളളു. ഒരു സിനിമ വിജയിക്കേണ്ടതിന്റെ ശരിയായ രീതിയല്ല ഇതൊന്നും എന്ന് തോന്നുന്നു. പ്രേക്ഷകര്‍ കണ്ട് മറ്റു പ്രേക്ഷകരിലേക്ക് എത്തുക എന്നല്ലാതെ ഒരു സിനിമ വിജയിക്കാന്‍ മറ്റൊരുവിധ മാര്‍ഗവുമില്ല. കഴിഞ്ഞ നാലു വര്‍ഷങ്ങള്‍ ഈ സിനിമക്ക് വേണ്ടി കഷ്ടപ്പെട്ട അമേരിക്കന്‍ മലയാളികളായ സുഹൃത്തുക്കളാണ് ചെക്ക്മേറ്റ് എന്ന സിനിമക്ക് പിന്നില്‍.
അവര്‍ എത്ര തന്നെ ശ്രമിച്ചിട്ടും ഇവിടുത്തെ വലിയ വിതരണക്കാരൊന്നും ഈ സിനിമ വാങ്ങാന്‍ തയ്യാറായില്ല. ട്രെയ്ലര് ലോഞ്ച് ചെയ്യാന്‍ പോലും ഒരു വലിയപേരുകാരും മുന്നോട്ടു വന്നില്ല. അതൊക്കെ വലിയ വിഷമമുണ്ടാക്കിയ കാര്യങ്ങളാണ്. പ്രദര്‍ശനത്തിന് ശേഷം ചിത്രത്തിന് നല്ല അഭിപ്രായങ്ങള്‍ വരുന്നുണ്ട്. പക്ഷെ അതെല്ലാം ടിക്കറ്റുകളായി മാറുമോ എന്നതില്‍ ഇനിയും ഒരുറപ്പും പറയാനാവില്ലെന്ന അവസ്ഥയാണ്.
ചെക്ക്മേറ്റ് ഒരു സാധാരണ സിനിമയല്ല. ഈ സിനിമക്ക് ഒരു പൂര്‍വ്വ മാതൃകയുമില്ല. ഇതുപോലൊരു സിനിമ സംഭവിക്കുന്നത് ഇവിടെ ആദ്യമാണ്. അതുകൊണ്ടുതന്നെ ഈ സിനിമയെ കാണാനും വിശ്വസിക്കാനും അംഗീകരിക്കാനും ഒരു കാലതാമസം പ്രേക്ഷകരുടെ ഭാഗത്ത് ഉണ്ടാകും. അത് എത്രയും വേഗം അവസാനിച്ച് പ്രേക്ഷകര്‍ തീയറ്ററിലേക്ക് എത്തുമെന്ന് പ്രതീക്ഷിക്കുന്നു.അനൂപ് പറയുന്നു.