ദിവസങ്ങളോളം ഉറങ്ങാതിരിക്കുന്നത് തത്സമയ സ്ട്രീമിങ് നടത്തി ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ് ഓസ്ട്രേലിയന്‍ യൂട്യൂബര്‍. തുടര്‍ച്ചയായി പന്ത്രണ്ട് ദിവസം ഉറങ്ങാതെയിരുന്ന് ഏറ്റവും കൂടുതല്‍ സമയം ഉണര്‍ന്നിരിക്കുന്നതിന്റെ നിലവിലെ ലോക റെക്കോര്‍ഡ് അനൗദ്യോഗികമായി മറികടന്നിരിക്കുകയാണ് നോര്‍മെ.
ലൈവ് സ്ട്രീമില്‍ ഉടനീളം സഹോദരന്‍ ഡോണ്‍, നോര്‍മെയുടെ മേല്‍ വെള്ളം തളിക്കുക, അമിതമായി ക്ഷീണിതനാകുമ്പോള്‍ നില്‍ക്കാന്‍ നിര്‍ബന്ധിക്കുക എന്നിങ്ങനെയുള്ള വിവിധ തന്ത്രങ്ങള്‍ പ്രയോഗിച്ച് ഉണര്‍ന്നിരിക്കാന്‍ സഹായിക്കുന്നുണ്ടായിരുന്നു.
നിരവധി പേരാണ് ലൈവ് വീഡിയോ കണ്ടത്. കമന്റുമായും നിരവധി പേരെത്തി. നോര്‍മെയുടെ ആരോഗ്യം കണക്കിലെടുത്ത് വെല്ലുവിളി അവസാനിപ്പിക്കണമെന്ന് കമന്റുകളില്‍ ആവശ്യപ്പെടുന്നുണ്ട്. ഇയാളെ പരിശോധിക്കാനായി മെഡിക്കല്‍ പ്രൊഫഷണലിന്റെ സഹായം എത്തിക്കാന്‍ നോര്‍മെ എവിടെയാണെന്ന് കണ്ടുപിടിക്കാന്‍ പലരും ശ്രമിച്ചു. നോര്‍മെയുടെ സുരക്ഷയെക്കുറിച്ച് പലരും ആകുലരായിരുന്നു. ജൂലൈ 19-നാണ് നോര്‍മെ തന്റെ യൂട്യൂബ് ചാനലില്‍ ലൈവുമായെത്തിയത്.
ഇത്തരം ലോക റെക്കോര്‍ഡുകള്‍ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ഔദ്യോഗികമായി അംഗീകരിക്കില്ല. ഒരു സയന്‍സ് ഫെയര്‍ പ്രോജക്റ്റിന്റെ ഭാഗമായി 264 മണിക്കൂറും ഉണര്‍ന്നിരുന്ന റാണ്ടി ഗാര്‍ഡ്‌നര്‍ ആണ് ഇത്തരമൊരു നേട്ടം കൈവരിച്ച ഏറ്റവും ഒടുവിലത്തെ വ്യക്തി. ഇതോടെ ഗാര്‍ഡ്നര്‍ക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായി. പിന്നീട് ദീര്‍ഘനാളത്തേക്ക് ഉറക്കമില്ലായ്മ ഇയാളെ അലട്ടുകയും ചെയ്തിരുന്നു.