മറ്റൊരു സ്ത്രീ കാരണം ഈ ബന്ധം പിരിയും..; ചൈതന്യയുടെയും ശോഭിതയുടെയും ഭാവി പ്രവചിച്ച് ജ്യോത്സ്യന്‍
നടന്‍ നാഗ ചൈതന്യയുടെയും നടി ശോഭിത ധൂലിപാലയുടെയും വിവാഹനിശ്ചയത്തിന് പിന്നാലെ ഇരുവരും വേര്‍പിരിയുമെന്ന് ഭാവി പ്രവചിച്ച ജോത്സ്യന്‍ കുരുക്കില്‍. വേണു സ്വാമി എന്ന ജ്യോത്സ്യന്‍ ആയിരുന്നു വിവാഹനിശ്ചയ ചിത്രങ്ങള്‍ പുറത്തെത്തിയതോടെ ഇരുവരുടെയും ഭാവി പ്രവചിച്ചത്.
ഇരുവരുടെയും ബന്ധം മറ്റൊരു സ്ത്രീ കാരണം പിരിയും എന്നാണ് ഇയാള്‍ വിവാഹനിശ്ചയം കഴിഞ്ഞ് രണ്ടാം ദിനം പ്രവചിച്ചത്. ഇന്‍സ്റ്റഗ്രാമില്‍ ഇയാള്‍ പങ്കുവച്ച വീഡിയോ വാര്‍ത്തയായി വന്നതോടെ വലിയ വിവാദത്തിനാണ് തുടക്കം കുറിച്ചത്. ഇയാള്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയിരിക്കുകയാണ് ഇപ്പോള്‍.
തെലുങ്ക് ഫിലിം ജേര്‍ണലിസ്റ്റ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി വൈജെ രാംബാബു ആണ് ഈ ജോത്സ്യനെതിരെ പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. താരങ്ങളെ അപമാനിക്കുന്നതാണ് ഇയാളുടെ പ്രസ്താവനകള്‍ എന്നും നടപടി വേണമെന്നുമാണ് ആവശ്യം. മുമ്പും ശ്രദ്ധ നേടാനായി പ്രവചനം നടത്തിയ വ്യക്തിയാണ് വേണു സ്വാമി.