'ഐ ലൗവ് പാകിസ്ഥാന്‍' ബലൂണുകളുടെ പിന്നിലാര്? കൊച്ചിയില്‍ കണ്ടെത്തിയ ബലൂണുകളെ കുറിച്ച് അന്വേഷണം ഊര്‍ജ്ജിതമാക്കി
കൊച്ചിയില്‍ പിറന്നാളാഘോഷത്തിനായി വാങ്ങിയ ബലൂണില്‍ പാകിസ്ഥാന്‍ അനുകൂല മുദ്രാവാക്യം കണ്ടെത്തിയ സംഭവത്തില്‍ തൃപ്പൂണിത്തുറ പൊലീസ് അന്വേഷണം തുടങ്ങി. എരൂര്‍ ഭാഗത്തെ കടയില്‍നിന്ന് വാങ്ങിയ ബലൂണിലാണ് 'ഐ ലൗവ് പാകിസ്താന്‍' എന്ന എഴുത്തും പതാകയും കണ്ടെത്തിയത്. സംഭവത്തില്‍ പ്രതിഷേധം ശക്തമായതോടെ കട അടച്ചു.
മകന്റെ പിറന്നാളാഘോഷത്തിനായി എരൂര്‍ സ്വദേശി ഗിരീഷ് കുമാര്‍ എന്നയാള്‍ തിങ്കളാഴ്ച രാത്രിയാണ് കടയില്‍ നിന്ന് ബലൂണുകള്‍ വാങ്ങിയത്. വീട്ടിലെത്തി വീര്‍പ്പിച്ച് നോക്കിയപ്പോഴാണ് വെളുത്ത ബലൂണില്‍ എഴുത്ത് ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ തന്നെ ഗിരീഷ് കുമാര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഗിരീഷ് കുമാറിന്റെ പരാതിയില്‍ കടയിലുണ്ടായിരുന്ന ബലൂണുകളെല്ലാം പൊലീസ് കസ്റ്റഡിയിലെടുത്തു. കടക്കാരനെതിരെ കേസെടുത്തിട്ടില്ല.
അതേസമയം വെളുത്ത നിറത്തിലുള്ള ബലൂണിലായിരുന്നു പാക് അനുകൂല മുദ്രാവാക്യം ഉണ്ടായിരുന്നതെന്നും ബലൂണ്‍ കണ്ടെടുത്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. തൃപ്പൂണിത്തുറ എരൂര്‍ ചേലേക്കവഴിയില്‍ അടുത്തിടെ കാസര്‍കോട് സ്വദേശി തുടങ്ങിയ കടയില്‍ നിന്ന് വാങ്ങിയ ബലൂണുകളില്‍ ഒന്നിലായിരുന്നു ഇത്. ഈ കടയും തൊട്ടടുത്ത് ആലുവ ഉളിയന്നൂര്‍ സ്വദേശി തുടങ്ങിയ കടയും സംഭവത്തെ തുടര്‍ന്ന് അടച്ചു. കുന്നംകുളത്ത് നിന്ന് മൊത്തമായി വാങ്ങിയതാണ് ബലൂണുകളെന്ന് വ്യാപാരി മൊഴി നല്‍കിയിട്ടുണ്ടെന്നും ബലൂണ്‍ പാക്കറ്റില്‍ നിര്‍മ്മാതാവിന്റെ വിവരങ്ങള്‍ ഇല്ലെന്നും പൊലീസ് വ്യക്തമാക്കി.