ഏഴുവയസുകാരന്റെ ദേഹത്ത് ഉപയോഗിച്ച സിറിഞ്ച് കുത്തിക്കയറിയ സംഭവം: ആരോഗ്യ മന്ത്രിക്ക് പരാതി നല്‍കിയിട്ടും നടപടിയില്ലെന്ന് കുടുംബം

ഏഴുവയസുകാരന്റെ ദേഹത്ത് ഉപയോഗിച്ച സിറിഞ്ച് കുത്തിക്കയറിയ സംഭവം: ആരോഗ്യ മന്ത്രിക്ക് പരാതി നല്‍കിയിട്ടും നടപടിയില്ലെന്ന് കുടുംബം
കായംകുളം താലൂക്ക് ആശുപത്രിയില്‍ ഏഴു വയസുകാരന്റെ ദേഹത്ത് ഉപയോഗിച്ച സിറിഞ്ച് കുത്തിക്കയറിയ സംഭവത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രിക്ക് പരാതി നല്‍കിയിട്ടും നടപടിയില്ലെന്ന് കുടുംബത്തിന്റെ പരാതി. കുട്ടിക്ക് അടുത്ത 12 വര്‍ഷത്തേക്ക് ഓരോ വര്‍ഷവും എച്ച്‌ഐവി പരിശോധന നടത്തണമെന്ന് ആശുപത്രി അധികൃതര്‍ നിര്‍ദ്ദേശിച്ചിരുന്നു. പനി ബാധിച്ച് ചികിത്സ തേടിയെത്തിയപ്പോഴാണ് ഒരു മാസം മുമ്പ് കുട്ടിയുടെ ദേഹത്ത് സിറിഞ്ച് സൂചി കുത്തി കയറിയത്.

കഴിഞ്ഞ മാസം 19നാണ് പനിയെ തുടര്‍ന്ന് കായംകുളം ചിറക്കടവം സ്വദേശികളായ മാതാപിതാക്കളുടെ ഒപ്പം ഏഴ് വയസുകാരന്‍ കായംകുളം താലൂക്കാശുപത്രിയില്‍ ചികത്സയ്ക്ക് എത്തിയത്. അത്യാഹിത വിഭാഗത്തില്‍ എത്തിച്ച കുട്ടിയെ കട്ടിലില്‍ കിടത്തിയപ്പോഴാണ് സൂചി തുടയ്ക്ക് മുകളില്‍ തുളച്ച് കയറിയത്. മറ്റ് രോഗികള്‍ക്ക് കുത്തിവെച്ച സൂചിയാണ് കുട്ടിയുടെ ശരീരത്തില്‍ തുളച്ചു കയറിയത്. അതുകൊണ്ട് തന്നെ കുട്ടിയെ വിദഗ്ധ പരിശോധനയ്ക്കായി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. അവിടെ വെച്ചു എച്ച്വണ്‍ എന്‍വണ്‍, ഡെങ്കിപ്പനി തുടങ്ങിയ പരിശോധനകളും നടത്തി. മെഡിക്കല്‍ കോളേജില്‍ എച്ച്ഐവി പരിശോധനയ്ക്കുള്ള സൗകര്യങ്ങള്‍ ഇല്ലാത്തതിനാല്‍ സ്വകാര്യ ലാബുകളിലാണ് പരിശോധനകള്‍ നടത്തിയതെന്നും ഒരു ടെസ്റ്റിന് ഇരുപതിനായിരം രൂപ വരെ ചെലവായെന്നും കൂട്ടിയുടെ മതാപിതാക്കള്‍ പറയുന്നു. 14 വര്‍ഷം എച്ച്‌ഐവി അടക്കമുള്ള പരിശോധനകള്‍ നടത്തണമെന്നാണ് ആശുപത്രി അധികൃതര്‍ നിര്‍ദേശിച്ചത്.

സംഭവത്തില്‍ പൊലീസിനു പുറമെ ആരോഗ്യമന്ത്രിക്കും ഇമെയില്‍ വഴി പരാതി നല്‍കിയെങ്കിലും ഒരു പ്രതികരണവും ഇല്ലെന്ന് കുട്ടിയുടെ കുടുംബം ആരോപിച്ചു. ദിവസങ്ങള്‍ ഇത്രയും കഴിഞ്ഞിട്ടും കായംകുളം താലൂക്ക് ആശുപത്രിയില്‍ നിന്നും നഗരസഭ ആരോഗ്യ വിഭാഗത്തില്‍ നിന്നും ഒരു വിവരങ്ങളും തിരക്കിയില്ലെന്നും കുട്ടിയുടെ പിതാവ് പറയുന്നു. ആശുപത്രി അധികൃതരുടെ തികഞ്ഞ അനാസ്ഥയാണ് ഏഴ് വയസുകാരന്റെ ദുരവസ്ഥയ്ക്ക് കാരണം. അതുകൊണ്ടുതന്നെ അതിനുള്ള പരിഹാരവും ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നാണ് ആവശ്യം.

Other News in this category



4malayalees Recommends