എഴുപത്തിയെട്ടാമത് സ്വാതന്ത്ര്യ ദിനാഘോഷ നിറവില്‍ രാജ്യം ; ചെങ്കോട്ടയില്‍ പ്രധാനമന്ത്രി മോദി ദേശീയ പതാക ഉയര്‍ത്തി

എഴുപത്തിയെട്ടാമത് സ്വാതന്ത്ര്യ ദിനാഘോഷ നിറവില്‍ രാജ്യം ; ചെങ്കോട്ടയില്‍ പ്രധാനമന്ത്രി മോദി ദേശീയ പതാക ഉയര്‍ത്തി
എഴുപത്തിയെട്ടാമത് സ്വാതന്ത്ര്യ ദിനാഘോഷ നിറവില്‍ രാജ്യം. ചെങ്കോട്ടയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയ പതാക ഉയര്‍ത്തി. രാജ്ഘട്ടിലെത്തി രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ സ്മാരകത്തില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് രാജ്യത്തെ അഭിസംബോധന ചെയ്യാനായി പ്രധാനമന്ത്രി ചെങ്കോട്ടയിലെത്തിയത്. പ്രത്യേകം തയ്യാറാക്കിയ വേദിയിലാണ് മോദിയുടെ പ്രസംഗം. 'വികസിത ഭാരതം-2047' എന്നതാണ് ഈ വര്‍ഷത്തെ സ്വാതന്ത്ര്യദിനപ്രമേയം.

സ്വാതന്ത്ര്യസമര സേനാനികളെ അനുസ്മരിച്ചുകൊണ്ടായിരുന്നു പ്രധാനമന്ത്രി പ്രസംഗം ആരംഭിച്ചത്. രാജ്യത്തിന് വേണ്ടി ത്യാഗങ്ങള്‍ സഹിച്ച സ്വാതന്ത്ര്യ സമരസേനാനികള്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്ന ദിവസമാണ് ഇന്ന്. ഈ രാജ്യം അവരോട് കടപ്പെട്ടിരിക്കുമെന്ന് മോദി പറഞ്ഞു. കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി പ്രകൃതി ദുരന്തങ്ങള്‍ നമ്മുടെ ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്. ദുരന്ത ബാധിതരായ കുടുംബങ്ങളെ വേദനയോടെ ഓര്‍ക്കുന്നു. നിരവധി പേര്‍ക്ക് അവരുടെ കുടുബാംഗങ്ങളെയും വീടും അടക്കം സര്‍വ്വതും നഷ്ടപ്പെട്ടു. രാജ്യത്തിനും വലിയ നഷ്ടമുണ്ടായി. രാജ്യം പ്രതിസന്ധിയില്‍ അവര്‍ക്കൊപ്പമുണ്ടാവും. 140 കോടി ഇന്ത്യക്കാരുണ്ട്. ഒരേ ദിശയില്‍ നമ്മളെല്ലാവരും ഒറ്റക്കെട്ടായി മുന്നേറിയാല്‍ 2047 ഓടെ വികസിത ഭാരതം എന്ന സ്വപ്നം സാക്ഷാത്കരിക്കാനാവും എന്നും മോദി പറഞ്ഞു.

വികസിത് ഭാരത് 2047 എന്നത് വെറും വാക്കുകളല്ല, മറിച്ച് 140 കോടി ജനങ്ങളുടെ സ്വപ്നങ്ങളാണ്. വികസിത ഭാരതത്തിനായി ജനങ്ങള്‍ നിരവധി നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. കര്‍ഷകരും ജവാന്മാരും രാഷ്ട നിര്‍മ്മാണത്തില്‍ പങ്കാളികളായി. കൊറോണ കാലഘട്ടം നമുക്ക് എങ്ങനെ മറക്കാനാകും? ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ആളുകള്‍ക്ക് ഏറ്റവും വേഗത്തില്‍ നമ്മുടെ രാജ്യം വാക്സിനുകള്‍ നല്‍കി. ഇതേ രാജ്യത്തെയാണ് തീവ്രവാദികള്‍ ആക്രമിക്കുന്നത്. രാജ്യത്തെ സായുധ സേന സര്‍ജിക്കല്‍ സ്ട്രൈക്കും വ്യോമാക്രമണവും നടത്തുമ്പോള്‍, രാജ്യത്തെ യുവാക്കളില്‍ അഭിമാനം നിറയുന്നു.

വിനോദസഞ്ചാരം, വിദ്യാഭ്യാസം, ആരോഗ്യം, എംഎസ്എംഇ, ഗതാഗതം, കൃഷി, കാര്‍ഷിക മേഖലകള്‍ എന്നിങ്ങനെ സര്‍വ്വ മേഖലകളും ആധുനികവല്‍ക്കരിച്ചു. സാങ്കേതികവിദ്യയുടെ സമന്വയത്തിലൂടെ മികച്ചത് സ്വീകരിച്ച് മുന്നോട്ട് പോകാനാണ് രാജ്യം ആഗ്രഹിക്കുന്നത്.

ലോകത്തിലെ ശക്തമായ ബാങ്കുകളില്‍ ഇന്ത്യന്‍ ബാങ്കുകളും ഇടംപിടിച്ചു. താഴെത്തട്ടിലാണ് നമ്മള്‍ പരിഷ്‌കാരങ്ങള്‍കൊണ്ടുവന്നത്. ദരിദ്രര്‍ക്കും ഇടത്തരക്കാര്‍ക്കും യുവാക്കള്‍ക്കും വേണ്ടി. പരിഷ്‌കാരങ്ങള്‍ കൊണ്ടുവരുന്നതിനുള്ള ഞങ്ങളുടെ പ്രതിബദ്ധത കേവലം മാധ്യമവാര്‍ത്തകള്‍ക്കോ പ്രശംസയ്‌ക്കോ വേണ്ടിയല്ലെന്ന് ഇന്ത്യയിലെ പൗരന്മാര്‍ക്ക് ഉറപ്പ് നല്‍കാന്‍ ആഗ്രഹിക്കുന്നു. അത് രാജ്യത്തെ ശക്തിപ്പെടുത്താനാണ്.

'കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ 10 കോടി സ്ത്രീകള്‍ വനിതാ സ്വയം സഹായ സംഘങ്ങളില്‍ ചേര്‍ന്നു. 10 കോടി സ്ത്രീകള്‍ സാമ്പത്തികമായി സ്വതന്ത്രരാകുകയാണ്. സ്ത്രീകള്‍ സാമ്പത്തികമായി സ്വതന്ത്രരാകുമ്പോള്‍ കുടുംബത്തിലെ തീരുമാനങ്ങള്‍ എടുക്കുന്ന സംവിധാനത്തിന്റെ ഭാഗമാവുകയും ഇത് സാമൂഹിക മാറ്റത്തിന് കാരണവുകയും ചെയ്യുന്നു. ഇതുവരെയും, രാജ്യത്തെ സ്വയം സഹായ സംഘങ്ങള്‍ക്ക് 9 ലക്ഷം കോടി അനുവദിച്ചിട്ടുണ്ടെന്നും മോദി പറഞ്ഞു.

ബഹിരാകാശ മേഖല വളരെ പ്രധാനപ്പെട്ടതാണ്. ഈ മേഖലയില്‍ നിരവധി പരിഷ്‌കാരങ്ങള്‍ നടത്തിയിട്ടുണ്ട്. ഇന്ന് നിരവധി സ്റ്റാര്‍ട്ടപ്പുകള്‍ ഈ മേഖലയിലേക്ക് കടന്നുവരുന്നുണ്ട്. ഊര്‍ജ്ജസ്വലമായിക്കൊണ്ടിരിക്കുന്ന ബഹിരാകാശ മേഖല ഇന്ത്യയെ ഒരു ശക്തമായ രാഷ്ട്രമാക്കി മാറ്റുന്നതില്‍ അനിവാര്യ ഘടകമാണെന്നും മോദി പറഞ്ഞു.

എന്റെ രാജ്യത്തെ യുവാക്കള്‍ പതുക്കെ നടക്കാന്‍ ആഗ്രഹിക്കുന്നില്ല. കുതിച്ചുചാട്ടം നടത്താനുള്ള മാനസികാവസ്ഥയിലാണ്, പുതിയ ലക്ഷ്യങ്ങള്‍ കൈവരിക്കാനുള്ള മാനസികാവസ്ഥയിലാണ്. ഇത് ഇന്ത്യയുടെ സുവര്‍ണ്ണ കാലഘട്ടമാണെന്ന് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ആഗോള സാഹചര്യവുമായി താരതമ്യപ്പെടുത്തിയാലും ഇതൊരു സുവര്‍ണ്ണ കാലഘട്ടമാണ്. ഈ അവസരം പാഴാക്കാന്‍ അനുവദിക്കരുത്. ഇതുമായി മുന്നോട്ട് പോയാല്‍ വികസിത് ഭാരത് 2047 എന്ന നമ്മുടെ സ്വപ്നം നേടിയെടുക്കാന്‍ സാധിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ജോലി ചെയ്യുന്ന സ്ത്രീകളുടെ പ്രസവാവധി 12 ആഴ്ചയില്‍ നിന്ന് 26 ആഴ്ചയായി ഉയര്‍ത്തി. ഞങ്ങള്‍ സ്ത്രീകളെ ബഹുമാനിക്കുക മാത്രമല്ല, അവര്‍ക്ക് വേണ്ടിയുള്ള തീരുമാനങ്ങള്‍ സെന്‍സിറ്റീവായി എടുക്കുകയും തന്റെ കുട്ടിയെ മികച്ച പൗരനാക്കുന്നതിനുള്ള അമ്മയുടെ ഉത്തരവാദിത്തങ്ങള്‍ക്ക് സര്‍ക്കാര്‍ തടസ്സമാകാതിരിക്കാനുള്ള തീരുമാനങ്ങള്‍ കൈകൊള്ളുകയും ചെയ്യും.

അടുത്ത അഞ്ച് വര്‍ഷത്തിനകം ഇന്ത്യയിലെ മെഡിക്കല്‍ കോളേജുകളില്‍ 75,000 സീറ്റുകള്‍ വര്‍ധിപ്പിക്കും. വികസിത ഇന്ത്യ 2047 എന്നത് 'ആരോഗ്യകരമായ ഇന്ത്യ' ആയിരിക്കണം, ഇതിനായി പോക്ഷകാഹാരകുറവ് പൂര്‍ണ്ണമായും തുടച്ചുമാറ്റാനുള്ള പദ്ധതിയും ആരംഭിച്ചിട്ടുണ്ട്.

Other News in this category



4malayalees Recommends