ആലപ്പുഴ ചേര്‍ത്തലയില്‍ കുഞ്ഞിനെ കുഴിച്ച് മൂടിയ കേസില്‍ റിമാന്‍ഡിലായിരുന്ന രണ്ടുപ്രതികളെ പൊലീസ് കാസ്റ്റഡിയില്‍ വാങ്ങി. രണ്ടാംപ്രതി തകഴി വിരുപ്പാല രണ്ടുപറ പുത്തന്‍പറമ്പ് തോമസ് ജോസഫ് (24), ഇയാളുടെ സുഹൃത്തും മൂന്നാംപ്രതിയുമായ തകഴി കുന്നുമ്മ ജോസഫ് ഭവനില്‍ അശോക് ജോസഫ് (30) എന്നിവരെയാണ് തെളിവെടുപ്പിനായി കസ്റ്റഡിയില്‍ വാങ്ങിയത്.
പൂച്ചാക്കല്‍ പൊലീസാണ് പ്രതികളെ കസ്റ്റഡിയില്‍ വാങ്ങിയത്. ഇവരെ പൂച്ചാക്കല്‍ സ്റ്റേഷനിലെത്തിച്ച് ചോദ്യംചെയ്തു. പ്രതികളെ അടുത്തദിവസം ഡോണയുടെ പൂച്ചാക്കലിലെ വീട്ടിലെത്തിച്ച് തെളിവെടുക്കും. ഇവരുടെ മൊബൈല്‍ ഫോണ്‍ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഫോണ്‍വിളികളും ചാറ്റ് രേഖകളും പരിശോധിക്കും.
ജനിച്ചസമയത്ത് കുഞ്ഞ് കരഞ്ഞിരുന്നെന്നാണ് ആശുപത്രിയിലെ ഡോക്ടര്‍മാരോട് ഡോണ പറഞ്ഞത്. എന്നാല്‍, കുഞ്ഞിനെ കൊണ്ടുപോകുമ്പോള്‍ ജീവനുണ്ടായിരുന്നില്ലെന്നാണ് തോമസ് ജോസഫ് മൊഴി നല്‍കിയത്. കുഞ്ഞിന്റെ മരണം കൊലപാതകമാണോയെന്നറിയാന്‍ മൃതദേഹത്തിന്റെ രാസപരിശോധനാഫലം വരണം.
പാണാവള്ളി പഞ്ചായത്ത് 13-ാം വാര്‍ഡ് ആനമൂട്ടില്‍ച്ചിറ ഡോണാ ജോജി(22)യുടെ കുഞ്ഞിനെയാണ് തകഴി കുന്നുമ്മ കൊല്ലനാടി പാടശേഖരത്തിന്റെ പുറംബണ്ടില്‍ കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തിയത്. തോമസ് ജോസഫിന്റെ കാമുകിയും കേസില്‍ ഒന്നാംപ്രതിയുമായ ഡോണ എറണാകുളത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
അതേസമയം രണ്ടാംനിലയിലെ സണ്‍ഷെയ്ഡിലൂടെയാണ് കുഞ്ഞിനെ ഡോണ കാമുകനായ തോമസിന് കൈമാറിയത്. കുഞ്ഞിനെ കൊണ്ടുപോകാന്‍ തോമസ് ജോസഫും അശോക് ജോസഫും രാത്രിയില്‍ ഡോണയുടെ വീട്ടിലെത്തിയത് ബൈക്കിലായിരുന്നു. കാനഡയില്‍ ജോലിക്കുപോകാനുള്ള ശ്രമത്തിലായിരുന്നു തോമസ് ജോസഫും ഡോണാ ജോജിയും. ഇതുമൂലമാണോ ഗര്‍ഭധാരണം മറച്ചുവെച്ചതെന്നതിനും വ്യക്തതയില്ല. മാസമെത്തിയശേഷമാണ് ഡോണ പ്രസവിച്ചതെന്ന് മെഡിക്കല്‍ പരിശോധനയില്‍ വ്യക്തമായി.
ആലപ്പുഴ ചേര്‍ത്തല പൂച്ചാക്കല്‍ സ്വദേശിയായ അവിവാഹിതയായ യുവതി ആഗസ്റ്റ് 6 നാണ് കുഞ്ഞിന് ജന്മം നല്‍കിയത്. 7 നാണ് കുട്ടിയെ കുഴിച്ചു മൂടുന്നത്. പ്രസവം നടന്നത് പുലര്‍ച്ചെ 1.30 ന് എന്നാണ് യുവതിയുടെ മൊഴി. പെണ്‍കുഞ്ഞിനെയാണ് പ്രസവിച്ചത്. പ്രസവ ശേഷം കാമുകനെ പൂച്ചാക്കലിലെ വീട്ടിലേക്ക് വിളിച്ചു വരുത്തി എന്ന് യുവതി പറഞ്ഞു. യുവതി കുട്ടിയെ കൈമാറിയത് മരിച്ച ശേഷമാണെന്നാണ് യുവാവിന്റെ മൊഴി. ഫൊറന്‍സിക് സയന്‍സ് കോഴ്‌സ് കഴിഞ്ഞയാളാണ് യുവതി. രാജസ്ഥാനില്‍ പഠിക്കുമ്പോഴാണ് യുവാവുമായി യുവതി അടുക്കുന്നത്.