ഹേമ റിപ്പോര്‍ട്ട് മസാല ചര്‍ച്ചയായി മാറിയെന്ന് യു പ്രതിഭ, മുന്‍ നിര നടിമാര്‍ എന്തുകൊണ്ട് പ്രതികരിക്കുന്നില്ലെന്നും എംഎല്‍എ

ഹേമ റിപ്പോര്‍ട്ട് മസാല ചര്‍ച്ചയായി മാറിയെന്ന് യു പ്രതിഭ, മുന്‍ നിര നടിമാര്‍ എന്തുകൊണ്ട് പ്രതികരിക്കുന്നില്ലെന്നും എംഎല്‍എ
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് മസാല ചര്‍ച്ചയായി മാറിയെന്ന് സിപിഎം നേതാവും കായംകുളം എംഎല്‍എയുമായ യു. പ്രതിഭ. നടിമാരുടെ ജോലിയാണ് അഭിനയം. ജോലി ചെയ്യാന്‍ പോകുന്നവരെ ചൂഷണം ചെയ്യാന്‍ പാടില്ല. അവര്‍ ജോലി ചെയ്യുമ്പോള്‍ അവരുടെ വസ്ത്രം അഴിക്കാനോ വാതില്‍ മുട്ടാനോ പോകുന്നത് ശരിയല്ല. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ പുറത്തുവിടാത്ത ഭാഗങ്ങള്‍ എന്തിനാണ് പൂഴ്ത്തി വയ്ക്കുന്നതെന്നും പ്രതിഭ ചോദിച്ചു.

ഇത് കേവലം സിനിമാ വിഷയമല്ല. ഒരു സാമൂഹിക വിഷയമെന്നാണ് പ്രതിഭയുടെ നിലപാട്. ഉദ്യോഗസ്ഥരും സിനിമാക്കാരും രാഷ്ട്രീയക്കാരും ചേര്‍ന്നുള്ള ഒരു അവിശുദ്ധ കൂട്ടുകെട്ട് ഒരിക്കലും ഉണ്ടാകരുതെന്ന് വിശ്വസിക്കുന്ന ഒരാളാണ് താനെന്നും പ്രതിഭ പറയുന്നു.

'ഒരു പാവപ്പെട്ടവന്‍ എന്തെങ്കിലും മോഷണം നടത്തിയാല്‍ അവന്റെ ഫുള്‍ സൈസ് ഫോട്ടോ കൊടുത്ത് നമ്മള്‍ ആഘോഷിക്കും. ഇവിടെയും അത് വേണം. ഇരകളുടെ പേര് മറച്ചുവച്ച് വേട്ടക്കാരുടെ പേരുകള്‍ പുറത്തുവിടണം. ഇപ്പോള്‍ വെളിപ്പെടുത്തലുകളുമായി വരുന്നവരില്‍ പലരും നമ്മള്‍ ഒരിക്കല്‍ പോലും കാണാത്തവരാണ്. ഇത്രയും ഗൗരവമുള്ള വിഷയം ചര്‍ച്ചയാകുമ്പോള്‍ മുന്‍ നിര നടിമാര്‍ എന്തുകൊണ്ട് വെളിപ്പെടുത്തലുകള്‍ നടത്തുന്നില്ല എന്നത് എന്നെ അദ്ഭുതപ്പെടുത്തുകയാണ്. അവര്‍ക്ക് ദുരനുഭവങ്ങള്‍ ഉണ്ടായിട്ടില്ലേ ' എന്നാണ് പ്രതിഭയ്ക്ക് ചോദിക്കാനുള്ളത്.

''പൊലീസുകാര്‍ക്കെതിരെ അന്‍വര്‍ നടത്തിയ വെളിപ്പെടുത്തലുകളില്‍ ഒരുപാട് സത്യസന്ധത തോന്നി. ആത്മാര്‍ഥതയോടെയാണ് അന്‍വര്‍ ആരോപണങ്ങള്‍ ഉന്നയിച്ചത്. അധികാരത്തിന്റെ ഇടനാഴികളില്‍ എല്ലാ സ്വരവുമുള്ളവരുണ്ട്. അഴിമതിയ്ക്ക് കൂട്ടുനില്‍ക്കുന്ന ധാരാളം ഉദ്യോഗസ്ഥരുണ്ട്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്ന ശേഷമുള്ള വെളിപ്പെടുത്തലിന്റെ ഭാഗമായി എല്ലാവരും മുകേഷിന്റെ വീട്ടിലേക്ക് മാര്‍ച്ച് നടത്തുകയാണ്. ചൂലും കോഴിയുമൊക്കെ ആയാണ് മാര്‍ച്ച്. എന്തുകൊണ്ട് എഡിജിപിയുടെ വീട്ടിലേക്ക് ആരും മാര്‍ച്ച് നടത്തുന്നില്ല ? കോണ്‍ഗ്രസ് പറയുന്നത് മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാണ്. എഡിജിപിക്കെതിരായ ആരോപണങ്ങള്‍ മുഖ്യമന്ത്രിയിലേക്ക് എത്തിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ മുകേഷിലേക്ക് എത്തിച്ചതു പോലെ ചര്‍ച്ചകള്‍ വഴിമാറ്റി വിടാനുള്ള ശ്രമമാണ് നടക്കുന്നത്'' - പ്രതിഭ പറഞ്ഞു.

ഉദ്യോഗസ്ഥരുടെ അനധികൃത സ്വത്ത് സമ്പാദനം അന്വേഷിക്കണം. ഭയങ്കര സംഭവമാണെന്ന വിചാരം ഐപിഎസുകാര്‍ക്കുണ്ട്. ഉദ്യോഗസ്ഥ ദുഷ്ഭരണമല്ല നടക്കേണ്ടത്. ഇതൊരു ജനാധിപത്യ സംസ്ഥാനമാണ്. വേണ്ടതില്‍ കൂടുതല്‍ സ്വത്ത് പല ഉദ്യോഗസ്ഥരും സമ്പാദിക്കുന്നുണ്ട്. അമിതമായ പണം ഇവര്‍ക്ക് എവിടെ നിന്നാണ് ലഭിക്കുന്നതെന്ന് കണ്ടെത്തണം. ടി.ഒ. സൂരജിന് 5 ഫ്‌ലാറ്റായ ശേഷമാണ് നമ്മള്‍ അദ്ദേഹത്തെപ്പറ്റി അന്വേഷണം ആരംഭിച്ചത്. ഇവിടെ നടക്കുന്ന പ്രശ്‌നങ്ങള്‍ക്കൊന്നും നല്ലൊരു അവസാനമുണ്ടാകുന്നില്ലെന്നും പ്രതിഭ പറഞ്ഞു.

Other News in this category



4malayalees Recommends