ഡല്‍ഹിയിലെ ഖാന്‍ മാര്‍ക്കറ്റിലെ സ്റ്റാര്‍ബക്സില്‍ ഓര്‍ഡര്‍ എടുക്കാനെത്തിയ ഒരു സൊമാറ്റോ ഡെലിവറി ഏജന്റിനെ കുറിച്ച് സ്റ്റോര്‍ മാനേജര്‍ ദേവേന്ദ്ര മെഹ്ത പങ്കുവച്ച കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്. തന്റെ കുടുംബത്തിന് വേണ്ടി ജോലി ചെയ്യുന്നതിനൊപ്പം ഒറ്റയ്ക്കായ മകളെയും കൂട്ടി ജോലിക്കിറങ്ങിയ പിതാവിനെ കുറിച്ചായിരുന്നു ആ കുറിപ്പ്. ദേവേന്ദ്ര മെഹ്ത ലിങ്ക്ഡ് ഇന്നിലെഴുതിയ കുറിപ്പ് മറ്റ് സമൂഹ മാധ്യമങ്ങളിലും പങ്കുവയ്ക്കപ്പെട്ടു. പിന്നാലെ സൊമാറ്റോ തന്നെ തങ്ങളുടെ ഡെലവറി ഏജന്റിനെ കുറിച്ച് എഴുതിയ കുറിപ്പിന് മറുപടി കുറിപ്പെഴുതി.
'ഇന്ന്, ഒരു സൊമാറ്റോ ഡെലിവറി ബോയ് ഒരു ഓര്‍ഡര്‍ എടുക്കാന്‍ ദില്ലിയിലെ ഞങ്ങളുടെ സ്റ്റോറായ സ്റ്റാര്‍ബക്‌സ് ഖാന്‍ മാര്‍ക്കറ്റില്‍ എത്തി. തന്റെ രണ്ട് വയസ്സുള്ള ചെറിയ മകളെയും കൊണ്ടാണ് അയാള്‍ ജോലി ചെയ്യുന്നത്. വീട്ടില്‍ നിന്ന് ജോലിക്കിറങ്ങുമ്പോള്‍ വീട്ടില്‍ ഒറ്റയ്ക്കാവുന്ന കുട്ടിയെ സംരക്ഷിക്കാനാണ് സിംഗിള്‍ ഫാദറിന്റെ ഈ പ്രയത്‌നം.' ഏത് കഠിന സാഹചര്യത്തിലും ജീവിക്കാന്‍ പ്രേരിപ്പിക്കുന്ന ചിത്രം, ദേവേന്ദ്ര മെഹ്ത എഴുതി.
'ഈ ഹൃദയസ്പര്‍ശിയായ കഥ പങ്കിട്ടതിന് വളരെ നന്ദി. അവന്റെ പ്രവര്‍ത്തിയില്‍ ഞങ്ങള്‍ ആഴത്തില്‍ പ്രചോദിതരാണ്. സോനുവിന്റെ പ്രതിബദ്ധത തങ്ങളുടെ ടീമിന്റെ സ്പിരിറ്റിന്റെ ഉദാഹരണമാ'ണെന്നും സൊമാറ്റോ മറുപടി നല്‍കി. നിരവധി പേര്‍ സോനുവിനെയും അദ്ദേഹത്തിന്റെ രണ്ട് വയസ്സുകാരി മകളെയും അഭിനന്ദിക്കാനും എത്തി.