അടിയേറ്റ് യുവാവ് മരിച്ച സംഭവത്തില്‍ അമ്മയും സഹോദരനും കസ്റ്റഡിയില്‍. പീരുമേട് പ്ലാക്കത്തടം സ്വദേശി അഖില്‍ ബാബു(31) ആണ് മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളേജില്‍ നടത്തിയ പോസ്റ്റ്മോര്‍ട്ടത്തില്‍ അഖിലിന്റെ തലയ്ക്ക് ആഴത്തില്‍ മുറിവേറ്റതായി കണ്ടെത്തിയിട്ടുണ്ട്.
ചൊവ്വാഴ്ച രാത്രിയാണ് അഖിലിന്റെ മൃതദേഹം വീടിന് സമീപത്തുനിന്നും കണ്ടെത്തിയത്. നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. ഇതിന് പിന്നാലെ തന്നെ അഖിലിന്റെ അമ്മയെയും സഹോദരനെയും ചോദ്യം ചെയ്യാന്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു.
അഖിലും സഹോദരനും മദ്യപിച്ച് കലഹം പതിവാണെന്ന് അയല്‍വാസികള്‍ പറയുന്നു. വീട്ടില്‍ സ്ഥിരം ബഹളവും ഉണ്ടാകാറുണ്ട്. സംഭവ ദിവസവും സഹോദരങ്ങള്‍ തമ്മില്‍ വഴക്കുണ്ടാവുകയും അഖിലിനെ വീടിന് സമീപത്തെ കമുകില്‍ കെട്ടിയിട്ട് മര്‍ദ്ദിക്കുകയുമായിരുന്നു എന്നാണ് വിവരം. സംഭവത്തില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.