അഞ്ച് മിനിറ്റ് വൈകിയെത്തിയാല്‍ പോലും പൊരിവെയിലത്ത് നിര്‍ത്തും, ശിക്ഷയായി പുല്ലുവെട്ടാനും ക്ലാസ് റൂം വൃത്തിയാക്കാനും നിര്‍ബന്ധിക്കും ; പ്രതിഷേധിച്ച് വിദ്യാര്‍ത്ഥികള്‍ സ്‌കൂളിന്റെ ജനലുകളും ഫാനുകളും തല്ലിപൊട്ടിച്ചു
ചെറിയ കുറ്റങ്ങള്‍ക്കുപോലും കടുത്ത ശിക്ഷ നല്‍കുന്ന സ്‌കൂള്‍ അധികൃതരുടെ നടപടിയില്‍ പ്രതിഷേധിച്ച് വിദ്യാര്‍ഥിനികള്‍ സ്‌കൂളിന്റെ ജനലുകളും ഫാനുകളും തല്ലിപ്പൊട്ടിച്ചു. മധ്യപ്രദേശിലെ ഭോപ്പാലില്‍ പ്രവര്‍ത്തിക്കുന്ന സരോജിനി നായിഡു ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിനികളാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. കടുത്ത ശിക്ഷകള്‍ക്ക് പുറമെ സ്‌കൂള്‍ പരിസരവും ക്ലാസ് റൂമും വൃത്തിയാക്കാനും പുല്‍ത്തകിടിയിലെ പുല്ലുവെട്ടാനും തങ്ങളെ നിര്‍ബന്ധിക്കുന്നതായും വിദ്യാര്‍ഥിനികള്‍ ആരോപിച്ചു. അഞ്ച് മിനിറ്റ് വൈകിയെത്തിയാല്‍ പോലും പൊരിവെയിലത്ത് തങ്ങളെ നിറുത്താറുണ്ടെന്നും വിദ്യാര്‍ഥിനികള്‍ പറയുന്നു. സ്‌കൂള്‍ മാനേജ്മെന്റിനെതിരെയും വര്‍ഷ ഝാ എന്ന ജീവനക്കാരിയ്ക്കെതിരേയും വിദ്യാര്‍ഥിനികള്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഒരു മാസം മുമ്പാണ് വര്‍ഷ സ്‌കൂളില്‍ നിയമിതയായത്. ഇവര്‍ വിദ്യാര്‍ഥിനികളോട് പിന്നീട് മാപ്പ് ചോദിച്ചതായും റിപ്പോര്‍ട്ടുണ്ട്.
അതേസമയം, വിദ്യാര്‍ഥിനികളുടെ ആരോപണങ്ങള്‍ സ്‌കൂള്‍ മാനേജ്മെന്റ് നിഷേധിച്ചു. വിദ്യാര്‍ഥികളെ ശിക്ഷിക്കരുതെന്ന് അധ്യാപകര്‍ക്ക് നിര്‍ദേശം നല്‍കിയതായും അവര്‍ അറിയിച്ചു. സ്‌കൂളില്‍ അച്ചടക്കം നടപ്പാക്കാന്‍ ഒരു മുന്‍ സൈനികനെ നിയമിച്ചതായി പ്രിന്‍സിപ്പല്‍ മാലിനി വര്‍മ എന്‍ഡിടിവിയോട് പറഞ്ഞു. വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും അവര്‍ അറിയിച്ചു.വിദ്യാര്‍ഥികള്‍ പ്രതിഷേധിക്കുന്ന വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. യൂണിഫോം ധരിച്ച വിദ്യാര്‍ഥികള്‍ സ്‌കൂള്‍ കെട്ടിടത്തിന് പുറത്ത് കൂടി നില്‍ക്കുന്നതും ചിലര്‍ സ്‌കൂളിന്റെ പേര് വെച്ച ബോര്‍ഡ് ചവിട്ടുന്നതും ജനലുകള്‍ കല്ലുപയോഗിച്ച് തല്ലിപ്പൊട്ടിക്കുന്നതുമെല്ലാം വീഡിയോയിലുണ്ട്.കുറച്ച് വിദ്യാര്‍ഥിനികള്‍ ചേര്‍ന്ന് കുത്തിയിരിപ്പ് സമരം നടത്തുന്നത് മറ്റൊരു വീഡിയോയില്‍ കാണാന്‍ കഴിയും.സ്‌കൂള്‍ മാനേജ്മെന്റിനെതിരേയും അധ്യാപിക വര്‍ഷാ ഝാക്കെതിരേയും വിദ്യാര്‍ഥികള്‍ മുദ്രാവാക്യം വിളിക്കുന്നതും വീഡിയോയിലുണ്ട്.
വൈകുന്നേരം ആറ് മണിവരെ സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അത് വളരെ ദൂരെ നിന്ന് വരുന്ന വിദ്യാര്‍ഥിനികള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നതായും ചിലര്‍ പരാതിപ്പെട്ടു. സ്‌കൂളിലെ ശിക്ഷാരീതികള്‍ കുട്ടികളുടെ ആരോഗ്യത്തെ ബാധിക്കുന്നതായും ആരോപണമുണ്ട്.''സ്‌കൂളിലെത്താന്‍ ഒരു മിനിറ്റ് മാത്രം വൈകിയാല്‍ പോലും ക്ലാസില്‍ കയറാന്‍ അനുവദിച്ചിരുന്നില്ല. സ്‌കൂളിന്റെ ഗേറ്റ് അടച്ചിടുകയും രണ്ടുമണിക്കൂറോളം വെയിലത്ത് നിറുത്തുകയും ചെയ്തിരുന്നു. ഞങ്ങളില്‍ പലരും വളരെ ദൂരത്തുനിന്നാണ് വരുന്നത്. മിക്കപ്പോഴും വൈകിയെത്തുന്നത് ഞങ്ങളുടെ കുറ്റംകൊണ്ടല്ല,'' വിദ്യാര്‍ഥിനികള്‍ പറഞ്ഞു.