പരാതിക്കാരിയെ കണ്ടിട്ട് പോലുമില്ല, കേസ് റദ്ദാക്കണം; ഡിജിപിക്ക് പരാതി നല്‍കി നിവിന്‍ പോളി

പരാതിക്കാരിയെ കണ്ടിട്ട് പോലുമില്ല, കേസ് റദ്ദാക്കണം; ഡിജിപിക്ക് പരാതി നല്‍കി നിവിന്‍ പോളി
തനിക്കെതിരെ ഉയര്‍ന്ന ലൈംഗികാരോപണത്തില്‍ നടന്‍ നിവില്‍ പോളി ഡിജിപിക്ക് പരാതി നല്‍കി. തനിക്കെതിരെയുള്ള പരാതിക്ക് പിന്നില്‍ ഗൂഢാലോചന ഉണ്ടെന്നും പരാതിക്കാരിയെ കണ്ടിട്ട് പോലുമില്ലെന്നാണ് നിവിന്റെ നിലപാട്. തന്റെ പരാതി കൂടി സ്പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം അന്വേഷിക്കണം എന്നാണ് നിവിന്റെ ആവശ്യം.

നേര്യമംഗലം സ്വദേശിയായ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നിവിന്‍ പോളിക്കെതിരെ ലൈംഗിക പീഡന കേസ് രജിസ്റ്റര്‍ ചെയ്തത്. എറണാകുളം ഊന്നുകല്‍ പൊലീസ് ആണ് കേസ് എടുത്തത്. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് ദുബായില്‍ വച്ച് നിവിന്‍ പോളി പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി.

കൊച്ചിയിലെ മുതിര്‍ന്ന അഭിഭാഷകനുമായി നിവിന്‍ കൂടികാഴ്ച നടത്തി. അതേസമയം, പരാതിക്കാരിക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് കേസിലെ രണ്ടാം പ്രതിയായ എകെ സുനില്‍ പറഞ്ഞു. നടന്‍ നിവിന്‍ പോളി അടക്കം അഞ്ച് പേര്‍ക്കെതിരെ കൂട്ടബലാത്സംഗക്കേസില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്.

ഹേമ കമ്മിറ്റി ഉയര്‍ത്തിക്കാട്ടിയത് പോലെ, മലയാള സിനിമാ വ്യവസായത്തിലെ ലൈംഗികാതിക്രമ ആരോപണങ്ങളില്‍ നിന്നാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കൂട്ടബലാത്സംഗത്തിനും അനുബന്ധ കുറ്റകൃത്യങ്ങള്‍ക്കുമാണ് നിലവില്‍ കേരള പോലീസ് കുറ്റം ചുമത്തിയിട്ടുള്ളത്.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ എടുത്തുകാണിച്ച പ്രകാരം മലയാള സിനിമാ മേഖലയിലെ നിരവധി പ്രമുഖര്‍ക്കെതിരായ ലൈംഗികാരോപണങ്ങള്‍ അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന് (എസ്ഐടി) നല്‍കിയ മൊഴിയെ തുടര്‍ന്നാണ് കുറ്റപത്രം സമര്‍പ്പിച്ചത്.

Other News in this category



4malayalees Recommends