ചിക്കാഗോ: ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കാത്തലിക്ക് ഇടവകയില്‍ മദേഴ്‌സ് ഡേ ആഘോഷിച്ചു. ഇടവക ദൈവാലയത്തില്‍ മെയ് 12 ഞായറാഴ്ച അര്‍പ്പിക്കപ്പെട്ട നാല് വിശുദ്ധ കുര്‍ബ്ബാനകള്‍ക്ക് ശേഷവും, അമ്മമാര്‍ക്ക് പൂക്കള്‍ നല്‍കുകയും അവര്‍ക്ക് വേണ്ടി പ്രത്യേക പ്രാര്‍ത്ഥനയും ആശീര്‍വാദവും നല്‍കുകയും ചെയ്തു. കോട്ടയം അതിരൂപതയിലെ സീനിയര്‍ വൈദീകരില്‍ ഒരാളും, മോനിപ്പള്ളി ഇടവക വികാരിയുമായ ഫാ. മാത്യു ഏറ്റിയെപ്പള്ളിയുടെ മുഖ്യ കാര്‍മികത്വത്തില്‍ അര്‍പ്പിക്കപെട്ട വിശുദ്ധ കുര്‍ബ്ബാനയെ തുടര്‍ന്നാണ് പ്രധാന ആഘോഷങ്ങള്‍ നടത്തപ്പെട്ടത്. ഓരോ ക്രൈസ്തവ കുടുംബത്തിലും അമ്മമാരുടെ പ്രാധാന്യത്തെക്കുറിച്ച്, വിശുദ്ധ ബൈബിളില്‍ പരിശുദ്ധ അമ്മയെ പറ്റി പ്രതിപാദിച്ചിരിക്കുന്ന കാര്യങ്ങള്‍ ചൂണ്ടി കാണിച്ചുകൊണ്ട് ഫാ. ഏറ്റിയെപ്പള്ളില്‍ സന്ദേശം നല്‍കി. വികാരി ഫാ സിജു മുടക്കോടിയില്‍, സത്‌നാ രൂപതാ വൈദീകനും കോട്ടയം അതിരൂപതാംഗവുമായ ഡോ. ജോജി പുളിയംപള്ളില്‍, അസി. വികാരി ഫാ ജോഷി വലിയവീട്ടില്‍ എന്നിവര്‍ തിരുക്കര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കി.
വി. കുര്‍ബ്ബാനയ്ക്ക് ശേഷം ഇടവകയുടെ മെന്‍സ് മിനിസ്ട്രിയുടെ ആഭിമുഖ്യത്തില്‍ നടത്തട്ടെ മദേഴ്‌സ് ഡേ ആഘോഷങ്ങളില്‍ നിരവധി ആളുകള്‍ പങ്കെടുത്തു. കസേരകളിയും ക്വിസും അടക്കമുള്ള വിനോദപരിപാടികള്‍ വ്യത്യസ്തവും ആസ്വാദ്യകരവുമായ രീതിയില്‍ നടത്തപ്പെട്ടു. ഈ വിനോദ പരിപാടികള്‍ക്ക് പോള്‍സണ്‍ കുളങ്ങര, സ്റ്റീഫന്‍ ചൊള്ളമ്പേല്‍, സിബി കൈതക്കത്തൊട്ടിയില്‍, സാജു കണ്ണമ്പള്ളി, ബിനു പൂത്തുറയില്‍ എന്നിവര്‍ നേതൃത്വം നല്‍കി. ടീന്‍സ് മിനിസ്ട്രിയുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെട്ട ' അമ്മക്കൊരു സമ്മാനം ' എന്ന പരിപാടിയും മലബാര്‍ കേറ്ററിങ്ങ് സ്‌പോണ്‍സര്‍ ചെയ്ത പായസ വിതരണവും ആഘോഷങ്ങള്‍ക്ക് നിറവും സ്വാദും നല്‍കി. വികാരി. ഫാ സിജു മുടക്കോടിയില്‍, അസിസ്റ്റന്റ് വികാരി ഫാ. ജോഷി വലിയവീട്ടില്‍, കൈക്കാരന്മാരായ സാബു കട്ടപ്പുറം, ലൂക്കോസ് പൂഴിക്കുന്നേല്‍, ജോര്‍ജ് മറ്റത്തിപ്പറമ്പില്‍, ബിനു പൂത്തുറയില്‍, നിബിന്‍ വെട്ടിക്കാട്ട്, സെക്രട്ടറി സണ്ണി മേലേടം എന്നിവര്‍ ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കി.