ഇന്‍സ്റ്റയില്‍ ലൈവില്‍ വന്ന് അമിത വേഗതയില്‍ കാറോടിച്ചു; ഓവര്‍ടേക്കിങ്ങിനിടെ അപകടത്തില്‍ രണ്ടു യുവാക്കള്‍ മരിച്ചു
ഗുജറാത്തിലെ കച്ചില്‍ കാറപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു. അഹമ്മദാബാദില്‍ നിന്ന് മുംബൈയിലേക്ക് യാത്ര ചെയ്തിരുന്ന യുവാക്കള്‍ സഞ്ചരിച്ച മാരുതി സുസുക്കി ബ്രെസ്സയാണ് അപകടത്തില്‍ പെട്ടത്. ഇവര്‍ ഇന്‍സ്റ്റാഗ്രാമില്‍ യാത്ര ലൈവായി ചിത്രീകരിക്കുന്നതിനെയാണ് അപകടമുണ്ടായത്. അമിത വേഗതയിലായിരുന്ന കാര്‍ അപകടത്തില്‍ പെടുകയായിരുന്നു. സംഭവ സ്ഥലത്ത് വെച്ചു തന്നെ രണ്ടുപേരും മരിച്ചു.
മെയ് 2 ന് പുലര്‍ച്ചെ 3.30 നും 4.30 നും ഇടയിലാണ് സംഭവം. കാറിലുണ്ടായിരുന്ന രണ്ട് അഹമ്മദാബാദ് സ്വദേശികളായ അമന്‍ മെഹബൂബ്ഭായ് ഷെയ്ഖ്, ചിരാഗ്കുമാര്‍ കെ പട്ടേല്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ കാര്‍ അപകടത്തില്‍ പെടുന്ന ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ലൈവില്‍ വന്ന് തുടങ്ങുന്ന വീഡിയോയില്‍ യുവാക്കളെ കാണാം. പുലര്‍ച്ചെയാണ് ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നത്. രാത്രി ചിത്രീകരിച്ചതിനാല്‍, ഒരു സെല്‍ഫോണ്‍ ഫ്‌ലാഷ്‌ലൈറ്റ് ഉപയോഗിച്ചാണ് വീഡിയോ പകര്‍ത്തിയിരിക്കുന്നത്. ദൃശ്യങ്ങളില്‍ കാറിലെ മറ്റ് യാത്രക്കാരെയും കാണാം. എന്നാല്‍ കാര്‍ അമിതവേഗതയിലായിരുന്നുവെന്ന് ദൃശ്യങ്ങളില്‍ നിന്ന് മനസ്സിലാക്കാന്‍ കഴിയുന്നുണ്ട്. എസ്‌യുവിയുടെ ഓടിച്ചിരുന്ന യുവാവ് മണിക്കൂറില്‍ 100 കിലോമീറ്ററിലധികം വേഗതയില്‍ വലത്തോട്ടും ഇടത്തോട്ടും വാഹനങ്ങളെ ഓവര്‍ടേക്ക് ചെയ്ത് ട്രാഫിക്കിലൂടെ മുന്നോട്ട് പോകുന്നതാണ് കാണുന്നത്. എന്നാല്‍ ഇനിയും സ്പീഡില്‍ പോവൂ എന്നാണ് സുഹൃത്തുക്കള്‍ പറയുന്നുണ്ട്. അതിനനുസരിച്ച് വാഹനത്തിന്റെ വേഗത കൂട്ടുകയും ചെയ്തതോടെയാണ് അപകടം ഉണ്ടായത്.