രേണുകാസ്വാമിയെ കൊന്ന കുറ്റം ഏറ്റെടുക്കാനായി ടാക്‌സി ഡ്രൈവറെ നിര്‍ബന്ധിച്ചു,നടന്‍ ദര്‍ശന്‍ ഉള്‍പ്പെട്ട കൊലക്കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്

രേണുകാസ്വാമിയെ കൊന്ന കുറ്റം ഏറ്റെടുക്കാനായി ടാക്‌സി ഡ്രൈവറെ നിര്‍ബന്ധിച്ചു,നടന്‍ ദര്‍ശന്‍ ഉള്‍പ്പെട്ട കൊലക്കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്
കന്നഡ നടന്‍ ദര്‍ശന്‍ ഉള്‍പ്പെട്ട കൊലക്കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. രേണുകാസ്വാമിയെ കൊന്ന കുറ്റം ഏറ്റെടുക്കാനായി ടാക്‌സി ഡ്രൈവറെ നിര്‍ബന്ധിച്ചതായിട്ടുള്ള റിപ്പോര്‍ട്ടുകളാണ് പുറത്ത് വന്നത്. അതേസമയം ചിത്രദുര്‍ഗ സ്വദേശിയായ രേണുകാസ്വാമിയെ കൊലപ്പെടുത്തിയ കേസില്‍ 16 പേരാണ് നിലവില്‍ അറസ്റ്റിലായിട്ടുള്ളത്. നടി പവിത്ര ഗൗഡയാണ് കേസിലെ ഒന്നാംപ്രതി. നടന്‍ ദര്‍ശന്‍ രണ്ടാംപ്രതിയും.

ദര്‍ശന്റെ ആരാധകനായ കൊല്ലപ്പെട്ട രേണുകാസ്വാമിയെ ചിത്രദുര്‍ഗയില്‍നിന്ന് ബെംഗളൂരുവിലെത്തിച്ച വാഹനത്തിന്റെ ഡ്രൈവറായ രവിശങ്കറിനോടാണ് കൊലയാളികള്‍ കുറ്റം ഏറ്റെടുക്കാന്‍ ആവശ്യപ്പെട്ടത്. എന്നാല്‍, രവിശങ്കര്‍ ഇതിന് വിസമ്മതിച്ചെന്നും തുടര്‍ന്ന് ടാക്‌സസി വാടക വാങ്ങി ബെംഗളൂരുവില്‍നിന്ന് മടങ്ങുകയാണുണ്ടായതെന്നും ഇയാളുടെ സഹപ്രവര്‍ത്തകര്‍ പറഞ്ഞു.

സംഭവം നടന്ന് രണ്ടുദിവസത്തിന് ശേഷമാണ് നടന്‍ ദര്‍ശനും നടി പവിത്രയും കൊലക്കേസില്‍ അറസ്റ്റിലായ വിവരം ഡ്രൈവറായ രവിശങ്കര്‍ അറിയുന്നത്. കേസില്‍ താനും പ്രതിയാണെന്ന വിവരവും മാധ്യമങ്ങളിലൂടെയാണ് ഇയാള്‍ അറിഞ്ഞത്. ഇതില്‍ ഭയന്ന രവിശങ്കര്‍ സുഹൃത്തുക്കളുടെ അടുത്തെത്തി കാര്യങ്ങളെല്ലാം തുറന്നുപറഞ്ഞു. തുടര്‍ന്ന് സുഹൃത്തുക്കളുടെ നിര്‍ദേശപ്രകാരം വ്യാഴാഴ്ച ഇയാള്‍ ചിത്രദുര്‍ഗ പോലീസില്‍ കീഴടങ്ങുകയായിരുന്നു.

കൃത്യം നടന്ന ദിവസം രാവിലെ ദര്‍ശന്‍ ഫാന്‍സ് അസോസിയേഷന്‍ ഭാരവാഹിയായ ജഗദീഷ് എന്നയാളാണ് രവിശങ്കറിന്റെ ടാക്‌സി ഓട്ടത്തിനായി വിളിച്ചതെന്നാണ് മറ്റുഡ്രൈവര്‍മാര്‍ പറയുന്നത്. ബെംഗളൂരുവിലേക്ക് പോകാനായി ചിത്രദുര്‍ഗയിലെ ടാക്‌സി ഡ്രൈവറായ സുരേഷിനെയാണ് ഇയാള്‍ ആദ്യം സമീപിച്ചത്. എന്നാല്‍, ചിക്കമഗളൂരുവിലേക്ക് നേരത്തെ ബുക്ക് ചെയ്ത ഓട്ടംപോകേണ്ടതിനാല്‍ സുരേഷാണ് രവിശങ്കറിനെ ബന്ധപ്പെടുത്തിയത്. തുടര്‍ന്ന് രവിശങ്കര്‍ ജഗദീഷിനെ വിളിക്കുകയും ഇയാള്‍ പറഞ്ഞതനുസരിച്ച് ഒരു പെട്രോള്‍ പമ്പിന് സമീപത്തുനിന്ന് നാലുപേരെ വാഹനത്തില്‍ കയറ്റുകയുംചെയ്തു.

സംഭവത്തില്‍ സിനിമാരംഗങ്ങളെ അനുസ്മരിപ്പിക്കുന്നവിധത്തിലായിരുന്നു പട്ടണഗരെയിലെ ഷെഡ്ഡില്‍ കൊലപാതകം നടന്നതെന്നാണ് റിപ്പോര്‍ട്ട്. ജൂണ്‍ എട്ടിന് വൈകിട്ട് മൂന്നുമണിയോടെ രവിശങ്കറിന്റെ വാഹനം എത്തുമ്പോള്‍ ഏകദേശം മുപ്പതോളം പേര്‍ ഇവിടെ കാത്തുനില്‍പ്പുണ്ടായിരുന്നു. തുടര്‍ന്ന് ഇവരില്‍ ചിലര്‍ മടങ്ങിപ്പോയി. പിന്നാലെയാണ് രേണുകാസ്വാമിയെ മര്‍ദിക്കാന്‍ ആരംഭിച്ചത്. ഈ സമയം മുതല്‍ രാത്രി വൈകും വരെ ടാക്‌സി ഡ്രൈവറായ രവിശങ്കര്‍ ഷെഡ്ഡിന് പുറത്ത് കാത്തുനില്‍ക്കുകയായിരുന്നു.

ഇതിനിടെ, പലരും ഷെഡ്ഡിനുള്ളിലേക്ക് വരികയും പോവുകയുംചെയ്തു. പിന്നാലെ ഷെഡ്ഡില്‍നിന്ന് ചില ശബ്ദങ്ങളും കേട്ടു. അകത്ത് എന്താണെന്ന് നടക്കുന്നതറിയാതെ പുറത്തുനിന്ന രവിശങ്കര്‍ എത്രയുംവേഗം ടാക്‌സി കൂലിയും വാങ്ങി സ്ഥലത്തുനിന്ന് മടങ്ങാനാണ് വിചാരിച്ചത്. എന്നാല്‍, വാടക കിട്ടാനായി അര്‍ധരാത്രി വരെ കാത്തിരിക്കേണ്ടിവന്നു. ഇതിനിടെ, കൊലയാളിസംഘത്തില്‍പ്പെട്ട ഒരാള്‍ കൊലക്കുറ്റം ഏറ്റെടുത്താല്‍ പാരിതോഷികം തരാമെന്ന് വാഗ്ദാനംചെയ്തു. എന്നാല്‍, രവിശങ്കര്‍ ഇതിന് തയ്യാറായില്ല. തുടര്‍ന്ന് ടാക്‌സി കൂലിയായ 4000 രൂപയും വാങ്ങി രവിശങ്കര്‍ അവിടെനിന്ന് മടങ്ങുകയായിരുന്നു.

ഇക്കഴിഞ്ഞ ദിവസമാണ് സോമനഹള്ളി സ്വദേശി രേണുകസ്വാമിയുടെ മൃതദേഹം കണ്ടെത്തിയത്. ചിത്രദുര്‍ഗയില്‍ താമസിച്ചിരുന്ന ഇയാള്‍ മെഡിക്കല്‍ സപ്ലൈസ് സ്റ്റോറില്‍ ജോലി ചെയ്യുകയായിരുന്നു. ഒരു മാസം മുന്‍പാണ് രേണുകസ്വാമി കൊല്ലപ്പെട്ടതെങ്കിലും ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് മൃതദേഹം കണ്ടെത്തിയത്. പാലത്തിനടിയിലായാണ് മൃതദേഹം കണ്ടെത്തിയത്.

രേണുകസ്വാമി കൊല്ലപ്പെട്ടത് ദര്‍ശന്റെ ബൗണ്‍സര്‍മാരാലാണെന്ന് കണ്ടെത്തിയിരുന്നു. മൃതദേഹം കണ്ടെത്തുമ്പോള്‍ നായ്ക്കള്‍ തിന്ന നിലയിലായിരുന്നു. കണ്ടയുടനെ തൊട്ടടുത്ത ഫ്‌ലാറ്റില്‍ നിന്നുള്ള സെക്യൂരിറ്റി ജീവനക്കാരന്‍ പോലീസിനെ വിളിക്കുകയായിരുന്നു.

Other News in this category



4malayalees Recommends