ഇംഗ്ലണ്ടിലെ 'നസ്രേത്' മരിയന്‍ പുണ്യ കേന്ദ്രമൊരുങ്ങി; വാത്സിങ്ങാം തീര്‍ത്ഥാടനത്തിന് ഇനി ഒരുമാസം

ഇംഗ്ലണ്ടിലെ 'നസ്രേത്' മരിയന്‍ പുണ്യ കേന്ദ്രമൊരുങ്ങി; വാത്സിങ്ങാം തീര്‍ത്ഥാടനത്തിന് ഇനി ഒരുമാസം
വാത്സിങ്ങാം: ഇംഗ്‌ളണ്ടിലെ 'നസ്രേത്' എന്ന് ഖ്യാതിനേടിയതും, കത്തോലിക്കാ സഭയുടെ മരിയന്‍ തീര്‍ത്ഥാടക കേന്ദ്രങ്ങളില്‍ പ്രമുഖവുമായ വാത്സിങ്ങാമില്‍ ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ എട്ടാമത് തീര്‍ത്ഥാടനത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. സീറോമലബാര്‍ സഭയുടെ നേതൃത്വത്തില്‍ ഭക്തിനിര്‍ഭരവും ആഘോഷപൂര്‍വ്വവും നടത്തപ്പെടുന്ന വാത്സിങ്ങാം മരിയന്‍ തീര്‍ത്ഥാടനവും, തിരുന്നാളും ജൂലൈ 20 ന് ശനിയാഴ്ച്ച കൊണ്ടാടും. യുറോപ്പിലെമ്പാടുമുള്ള സീറോ മലബാര്‍ വിശ്വാസികളുടെ ഏറ്റവും വലിയ മാതൃഭക്ത സംഗമവേദിയായി വാത്സിങ്ങാം മരിയ തീര്‍ത്ഥാടനം ഇതിനോടകം ശ്രദ്ധേയമായിക്കഴിഞ്ഞു.


ഗ്രേറ്റ് ബ്രിട്ടണ്‍ സീറോമലബാര്‍ രൂപതയുടെ അഭിവന്ദ്യഅദ്ധ്യക്ഷന്‍ മാര്‍ ജോസഫ് ശ്രാമ്പിക്കല്‍ തിരുന്നാള്‍ കുര്‍ബ്ബാനയില്‍ മുഖ്യകാര്‍മ്മികത്വം വഹിച്ച് സന്ദേശം നല്‍കും.രൂപതയിലെ മുഴുവന്‍ സീറോ മലബാര്‍ വൈദികരും സഹകര്‍മ്മികരായി പങ്കുചേരും.


ഈ വര്‍ഷം വാത്സിങ്ങാം തീര്‍ത്ഥാടനത്തിന് നേതൃത്വവും ആതിഥേയത്വവും വഹിക്കുന്നത് ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ കേംബ്രിഡ്ജ് റീജണിലെ വിശ്വാസസമൂഹമാണ്.തീര്‍ത്ഥാടന വിജയത്തിനായി റീജണിലെ ഭവനങ്ങളില്‍ പ്രത്യേകമായി നടന്നു വരുന്ന മാധ്യസ്ഥ പ്രാര്‍ത്ഥനകളുടെ നിറവില്‍ മാതൃസന്നിധിയില്‍ മരിയന്‍ പ്രഘോഷണവും, പ്രാര്‍ഥനാ നിയോഗവുമായി എത്തുന്ന തീര്‍ത്ഥാടകര്‍ക്ക് അനുഗ്രഹ സാക്ഷ്യങ്ങളുടെ അനുഭവവും, പ്രാര്‍ഥനാ സാഫല്യവും ലഭിക്കും.


യു കെ യിലുടനീളമുള്ള സീറോ മലബാര്‍ ഇടവകകളില്‍ നിന്നുള്ള പ്രസുദേന്തിമാര്‍ വാത്സിങ്ങാം തീര്‍ത്ഥാടനത്തില്‍ പങ്കുചേരും. അതിനാല്‍ തന്നെ യു കെ യുടെ നാനാഭാഗത്തു നിന്നുമായി ആയിരങ്ങള്‍ പങ്കുചേരുന്ന തീര്‍ത്ഥാടനത്തില്‍, രൂപതയിലെ എല്ലാ മിഷനുകളുടെയും പ്രാതിനിധ്യം തീര്‍ത്ഥാടന നടത്തിപ്പില്‍ ആത്മീയ ചൈതന്യ പ്രൗഢി ഉണര്‍ത്തും.


വിശ്വാസികളുടെ വര്‍ദ്ധിച്ചു വരുന്ന ബാഹുല്യത്തെ മുന്നില്‍ക്കണ്ടുകൊണ്ടു ഇക്കുറി തീര്‍ത്ഥാടനസ്ഥലത്തെത്തുന്ന വാഹനങ്ങളുടെ എണ്ണം പരമാവധി നിയന്ത്രിക്കുന്നതിനായി ഓരോ ഇടവകയിലും ഉള്ള വിശ്വാസികളോട് താന്താങ്ങളുടെ വാഹനങ്ങളില്‍ വരുന്നതിനു പകരം ഇടവകകളുടെ നേതൃത്വത്തില്‍ സജ്ജീകരിച്ചിട്ടുള്ള കോച്ചുകളില്‍ പ്രാര്‍ത്ഥനയുടെ അന്തരീക്ഷത്തില്‍ ഒരുമിച്ചു തന്നെ എത്തുവാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട് . അതിനാല്‍ തന്നെ വാത്സിങ്ങാം പുണ്യകേന്ദ്രം സ്ഥിതിചെയ്യുന്ന ഗ്രാമത്തിന്റെ പരിപാവനതയും, ശാന്തതയും, ചൈതന്യവും അങ്ങേയറ്റം കാത്തുപരിപാലിച്ചുകൊണ്ടുള്ള ഒരു തീര്‍ത്ഥാടനമാവും ഇത്തവണ ഉണ്ടാവുക.


തീര്‍ത്ഥാടകര്‍ക്കായി ചൂടുള്ള കേരള ഭക്ഷണം, മിതമായ നിരക്കില്‍ ലഭ്യമാക്കുന്നതിനുള്ള ഫുഡ് സ്റ്റാളുകള്‍ അന്നേദിവസം തുറന്നു പ്രവര്‍ത്തിക്കുന്നതാണ്.


ജൂലൈ 20 നു ശനിയാഴ്ച ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയുടെ നേതൃത്വത്തില്‍ മരിയന്‍ പുണ്യകേന്ദ്രത്തില്‍ നടത്തപ്പെടുന്ന എട്ടാമത് വാത്സിങ്ങാം തീര്‍ത്ഥാടനത്തിലേക്ക് ഏവരെയും സസ്‌നേഹം സ്വാഗതം ചെയ്യുന്നതായി സീറോമലബാര്‍ കേംബ്രിഡ്ജ് റീജിയന്‍ തീര്‍ത്ഥാടക സ്വാഗതസംഘം അറിയിച്ചു.

Other News in this category



4malayalees Recommends