മാര്‍ ജോസഫ് സ്രാമ്പിക്കല്‍ നയിക്കുന്ന വാത്സിങ്ങാം തിരുന്നാളിന് ഇനി 20 നാള്‍; തീര്‍ത്ഥാടനത്തിന് ആതിഥേയരാവുക സീറോമലബാര്‍ കേംബ്രിഡ്ജ് റീജിയന്‍

മാര്‍ ജോസഫ് സ്രാമ്പിക്കല്‍ നയിക്കുന്ന വാത്സിങ്ങാം തിരുന്നാളിന് ഇനി 20 നാള്‍; തീര്‍ത്ഥാടനത്തിന് ആതിഥേയരാവുക സീറോമലബാര്‍ കേംബ്രിഡ്ജ് റീജിയന്‍
വാത്സിങ്ങാം: ഗബ്രിയേല്‍ മാലാഖ ഉണ്ണിയേശുവിന്റെ ജനനത്തെ കുറിച്ചുള്ള മംഗള വാര്‍ത്ത നല്‍കിയ നസ്രത്തിലെ ഭവനത്തിന്റെ പകര്‍പ്പ് ഇംഗ്ലണ്ടില്‍ നിര്‍മ്മിക്കണമെന്ന പരിശുദ്ധ അമ്മയുടെ അഭിലാഷത്തില്‍ ഇംഗ്ലണ്ടിലേക്ക് നസ്രേത്ത് അത്ഭുതകരമായി പറിച്ചു നടപ്പെട്ടുവെന്നു വിശ്വസിക്കുന്ന വാല്‍സിങ്ങാം മരിയന്‍ പുണ്യകേന്ദ്രത്തില്‍ ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത മരിയന്‍ തീര്‍ത്ഥാടനവും തിരുന്നാളും സംഘടിപ്പിക്കുന്നു. ഗ്രേറ്റ് ബ്രിട്ടന്‍ രൂപത നേതൃത്വം നല്‍കുന്ന ഏട്ടാമത് തീര്‍ത്ഥാടനത്തില്‍ ആതിഥേയത്വം വഹിക്കുന്നത് സീറോമലബാര്‍ കേംബ്രിഡ്ജ് റീജണിലെ വിശ്വാസ സമൂഹമാണ്.


തീര്‍ത്ഥാടകരെ വരവേല്‍ക്കുന്നതിനും, ഗതാഗത നിയന്ത്രണം, ദേവാലയം, തീര്‍ത്ഥാടന വീഥികള്‍ അടക്കം അലങ്കാരം,അടിസ്ഥാന സൗകര്യങ്ങള്‍, പാര്‍ക്കിംഗ്, ഫസ്റ്റ് എയ്ഡ് അടക്കം ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ആതിഥേയര്‍ അറിയിച്ചു. . സീറോമലബാര്‍ സഭയുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന വാല്‍സിങ്ങാം തീര്‍ത്ഥാടനങ്ങള്‍ക്ക് സംഘാടക റോളില്‍ അനുഭവ സമ്പത്തുള്ളവരാണ് കേംബ്രിഡ്ജ് റീജയന്‍ വിശ്വാസ സമൂഹം.


ഉച്ചക്ക് രണ്ടു മണിക്ക് രൂപതാ അദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍, മിഷനുകളില്‍ നിന്നുള്ള വൈദികര്‍ സഹകാര്‍മ്മികരുമായി ആഘോഷപൂര്‍വ്വമായ തിരുന്നാള്‍ സമൂഹബലി അര്‍പ്പിക്കും. പിതാവ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ തിരുന്നാള്‍ സന്ദേശവും നല്‍കും.


അത്ഭുതസാക്ഷ്യങ്ങളുടെ കലവറയായ മാതൃ സങ്കേതത്തില്‍ പതിനായിരത്തിലേറെ മരിയ ഭക്തരെയാണ് ഈ വര്‍ഷം പ്രതീക്ഷിക്കുന്നത്. യൂറോപ്പിലെ ഏറ്റവും വലിയ മലയാളി മരിയന്‍ പ്രഘോഷണ തിരുന്നാളിനാളില്‍ പങ്കു ചേരുന്ന തീര്‍ത്ഥാടകര്‍ക്ക്, മാതൃ മാദ്ധ്യസ്ഥത്തില്‍ അനുഗ്രഹകൃപാ വര്‍ഷവും, പ്രാര്‍ത്ഥനാ സാഫല്യവും നിറവേറുന്നതിനായി രൂപതയുടെ നേതൃത്വത്തിലും പ്രത്യേകിച്ച് കേംബ്രിഡ്ജ് റീജണിലെ ഓരോ ഭവനങ്ങളിലും മധ്യസ്ഥ പ്രാര്‍ത്ഥനകള്‍ നടന്നുവരുന്നു.


തീര്‍ത്ഥാടനത്തില്‍ മാതൃഭക്തരായ വന്‍ജനാവലി എത്തുമ്പോള്‍ ഉണ്ടാവാറുള്ള ഗതാഗതകുരുക്കൊഴിവാക്കുവാനായി എല്ലാ മിഷനുകളില്‍ നിന്നും പരമാവധി കോച്ചുകള്‍ ക്രമീകരിച്ചു ഒരുമിച്ച് പ്രാര്‍ത്ഥിച്ചും ഭക്തിഗാനങ്ങള്‍ ആലപിച്ചും വരാനുള്ള നിര്‍ദ്ദേശം രൂപത നല്‍കിയിട്ടുണ്ട്.


ആദിമകാലങ്ങളില്‍ വാല്‍സിങ്ങാം തീര്‍ത്ഥാടനത്തിനായി എത്തുന്നവര്‍ മരിയ പ്രഘോഷണ പ്രാര്‍ത്ഥനകള്‍ ഉരുവിട്ട് 'ഹോളി മൈല്‍' നഗ്‌ന പാദരായി നടന്നു നീങ്ങുതിനായി 'സ്ലിപ്പര്‍' അഴിച്ചു വെക്കുന്ന ഇടമായ 'സ്ലിപ്പര്‍ ചാപ്പല്‍' മാത്രമാണ് ഇന്ന് കത്തോലിക്കാ സഭയുടെ അധീനതയിലുള്ളത്. 'സ്ലിപ്പര്‍ ചാപ്പല്‍' എന്ന് വിളിക്കുന്ന 'കാത്തലിക്ക് നാഷണല്‍ ഷ്രയിന്‍ ഓഫ് ഔര്‍ ലേഡി ഇന്‍ വാത്സിങ്ങാം' ബസിലിക്കയിലാണ് ഗ്രേറ്റ് ബ്രിട്ടന്‍ സീറോമലബാര്‍ സഭയുടെ മരിയന്‍ തീര്‍ത്ഥാടനം നടക്കുക.


തീര്‍ത്ഥാടകര്‍ക്കായി വിഭവ സമൃദ്ധമായ ചൂടുള്ള നാടന്‍ ഭക്ഷണങ്ങള്‍ വിതരണം ചെയ്യുന്നതിനായി മലയാളി സ്റ്റാളുകള്‍ സജ്ജീകരിക്കുന്നുണ്ട്. ഗ്രൂപ്പുകളായി വരുന്നവര്‍ക്ക് നീണ്ട ക്യുവില്‍ നിന്ന് പ്രയാസം ഉണ്ടാവാതിരിക്കുവാന്‍ മുന്‍കൂറായി ബുക്ക് ചെയ്യുന്നതിന് ഉള്ള സംവിധാനവും ഒരുക്കുന്നതാണ്.


വാല്‍സിങ്ങാം പള്ളിയുടെ വിലാസം.

Catholic National Shrine Of Our Lady, Walshingham, Houghton St. Giles, Norfolk, NR22 6AL



Other News in this category



4malayalees Recommends