കൊച്ചി അമൃത മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ നഴ്‌സിങ് വിദ്യാര്‍ത്ഥിയെ റാഗിങ് ചെയ്‌തെന്ന പരാതിയില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍. നാലാം വര്‍ഷ വിദ്യാര്‍ത്ഥി സുജിത് കുമാര്‍ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥി ഗോവിന്ദ് നായര്‍ എന്നിവരാണ് അറസ്റ്റിലായത്. ചേരാനല്ലൂര്‍ പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഒരു വര്‍ഷമായി വിദ്യാര്‍ത്ഥി റാഗിംഗിന് ഇരയായെന്ന് പരാതിയില്‍ പറയുന്നു.
പരാതി പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് വിദ്യാര്‍ത്ഥിയുടെ പിതാവ് പറഞ്ഞു. വിദ്യാര്‍ത്ഥിയുടെ ശരീരത്തില്‍ ഹാങ്ങര്‍ കൊണ്ട് അടിക്കുകയും മര്‍ദിക്കുകയും ചെയ്തു. തന്റെ മകനെ മാത്രമല്ല മറ്റ് വിദ്യാര്‍ത്ഥികളെയും സീനിയേഴ്‌സ് മര്‍ദിച്ചിട്ടുണ്ടെന്ന് പിതാവ് പറഞ്ഞു.
ഇക്കഴിഞ്ഞ വെള്ളിയാഴ്ച മകന്‍ കോളേജില്‍ സൈന്‍ ചെയ്യാന്‍ ചെന്നപ്പോള്‍ മറ്റ് വിദ്യാര്‍ത്ഥികളാണ് സീനിയേഴ്‌സിന്റെ അടുത്ത് ചെന്നില്ലെങ്കില്‍ അതിനുള്ളത് കൂടി ഞങ്ങള്‍ വാങ്ങേണ്ടി വരുമെന്ന് മകനോട് പറഞ്ഞത്. നാല് മണിയോടെ സൈന്‍ ചെയ്തിറങ്ങിയ മകന്‍ പിന്നീട് സീനിയേഴ്‌സിന്റെ അടുത്തെത്തി. റൂമിലെത്തി ഉടന്‍ മകന്റെ കരണത്ത് സീനിയേഴ്‌സ് മൂന്ന് വട്ടം അടിച്ചു.
വീട്ടില്‍ പോകണം എന്ന് പറഞ്ഞ മകനെ കൈ മുകളിലേക്ക് തിരിച്ച് പിടിച്ച് പാന്റ് ഉരിയുകയും ഹാങ്ങര്‍ ഉപയോഗിച്ച് ക്രൂരമായി മര്‍ദിക്കുകയായിരുന്നു. അഞ്ച് മണി തൊട്ട് 7 മണി വരെയാണ് മകന് മര്‍ദ്ദനമുണ്ടായത്. അവര്‍ തന്റെ മകനെ അടിക്കുകയും തൊഴിക്കുകയും പുറത്ത് ചവിട്ടുകയും ചെയ്‌തെന്ന് പിതാവ് പറഞ്ഞു.