'ഓഫീസ് മാരാര്‍ജി ഭവനിലേക്ക് മാറ്റണം'; തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് പാലോട് രവിക്കെതിരെ പോസ്റ്റര്‍

'ഓഫീസ് മാരാര്‍ജി ഭവനിലേക്ക് മാറ്റണം'; തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് പാലോട് രവിക്കെതിരെ പോസ്റ്റര്‍
തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് പാലോട് രവിക്കെതിരെ പോസ്റ്റര്‍. ബിജെപിക്ക് വേണ്ടി അടിമ പണിയെടുക്കുന്ന പാലോട് രവി ഓഫീസ് മാരാര്‍ജി ഭവനിലേക്ക് മാറ്റണമെന്നതടക്കമുള്ള പോസ്റ്ററാണ് ഡിസിസി ഓഫിസ് പരിസരത്തടക്കം പതിച്ചിരിക്കുന്നത്. ഇന്ന് രാവിലെയാണ് പോസ്റ്റര്‍ പതിച്ചത് പ്രവര്‍ത്തകരുടെ ശ്രദ്ധയില്‍പ്പെട്ടത്.

രാജിക്കത്ത് നാടകം കളിച്ചു ഡിസിസിയില്‍ തൂങ്ങി കിടക്കുന്ന ജനഗണമംഗള നായകന്‍ രാജിവച്ചു പുറത്തു പോകണം, ഡിസിസിക്ക് കീഴിലെ എല്ലാ നിയോജക മണ്ഡലത്തിലും ഒരു ബ്ലോക്ക് പ്രസിഡന്റ് സ്ഥാനം പേയ്‌മെന്റ് സീറ്റ് ആക്കിയ അഴിമതി പ്രസിഡന്റ്, തിരുവനന്തപുരത്തും ആറ്റിങ്ങലും സ്ഥാനാര്‍ഥികളെ തോല്‍പ്പിക്കാന്‍ ബിജെപിയില്‍ നിന്ന് അച്ചാരം വാങ്ങിയ പാലോട് രവി രാജിവെയ്ക്കുക, സ്വന്തം വാര്‍ഡില്‍ പോലും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ ജയിപ്പിക്കാന്‍ കഴിവില്ലാത്ത ഒരു ഡിസിസി പ്രസിഡന്റ് നമുക്ക് വേണ്ട തുടങ്ങി പോസ്റ്ററുകളാണ് പതിച്ചിരിക്കുന്നത്.

സ്വന്തം പഞ്ചായത്തില്‍ പെരിങ്ങമല പാര്‍ട്ടിക്ക് ഭരണം നഷ്ടപ്പെടുക മാത്രമല്ല പഞ്ചായത്ത് പ്രസിഡന്റ് തന്നെ സിപിഎമ്മിലേക്ക് ചേക്കേറിയതിനെ തുടര്‍ന്ന് പാലോട് രവി ഡിസിസി പ്രസിഡന്റ് സ്ഥാനം രാജി വെച്ചിരുന്നു. എന്നാല്‍, മുന്‍ നെടുമങ്ങാട് എംഎല്‍എ കൂടിയായ പാലോട് രവിയുടെ രാജി കെപിസിസി നേതൃത്വം തള്ളിയിരുന്നു. തിരുവനന്തപുരം ജില്ലയില്‍ ബ്ലോക്ക്, മണ്ഡലം പുനഃസംഘടനയിലടക്കം പാര്‍ട്ടിക്കുള്ളില്‍ വലിയ തര്‍ക്കം നിലനിന്നിരുന്നു. ഇതിന്റെ ഭാഗമായാണ് പെരിങ്ങമല പഞ്ചായത്ത് പ്രസിഡന്റ് പാര്‍ട്ടി വിട്ടത്.

Other News in this category



4malayalees Recommends