വയനാടിനായി കൈകോര്‍ത്ത് ഷൈനു ക്ലെയര്‍ മാത്യൂസ്; ആകാശ ചാട്ടത്തിലൂടെ ഇതുവരെ സമാഹരിച്ചത് 11000 പൗണ്ട്; ജീവകാരുണ്യ പ്രവര്‍ത്തനസങ്ങളില്‍ മാതൃകയായി ഒ ഐ സി സി (യു കെ) അധ്യക്ഷ; കയ്യടിച്ച് യു കെ മലയാളികളും സമൂഹ മാധ്യമങ്ങളും

വയനാടിനായി കൈകോര്‍ത്ത് ഷൈനു ക്ലെയര്‍ മാത്യൂസ്; ആകാശ ചാട്ടത്തിലൂടെ ഇതുവരെ സമാഹരിച്ചത് 11000 പൗണ്ട്; ജീവകാരുണ്യ പ്രവര്‍ത്തനസങ്ങളില്‍ മാതൃകയായി ഒ ഐ സി സി (യു കെ) അധ്യക്ഷ; കയ്യടിച്ച് യു കെ മലയാളികളും സമൂഹ മാധ്യമങ്ങളും
നോട്ടിങ്ഹാം: വയനാട് ദുരന്തത്തിനിരയായവര്‍ക്ക് സാന്ത്വനമരുളിക്കൊണ്ട് ഒ ഐ സി സി (യു കെ) അധ്യക്ഷ ഷൈനു ക്ലെയര്‍ മാത്യൂസ് നടത്തിയ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ പിന്തുണയുമായി യു കെ മലയാളി സമൂഹവും സോഷ്യല്‍ മീഡിയയും. ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ നോട്ടിങ്ഹാമിലെ സ്‌കൈഡൈവ് ലാങ്ങറില്‍ സംഘടിപ്പിക്കപ്പെട്ട 'സ്‌കൈ ഡൈവിങ്ങി'ന്റെ ഭാഗമാവുകയായിരുന്നു യു കെയിലെ അറിയപ്പെടുന്ന ചാരിറ്റി പ്രവര്‍ത്തക കൂടിയായ ഷൈനു. ഏകദേശം 11,000 പൗണ്ട് സമാഹരിക്കാന്‍ ഈ ഉദ്യമത്തിലൂടെ ഇതുവരെ സാധിച്ചിട്ടുണ്ട്.


കേരളത്തെ പിടിച്ചു കുലുക്കിയ ഒരു പ്രകൃതി ദുരന്തത്തിന്റെ ദുരിതത്തില്‍ നിന്നും കരകയറുന്നതിന് സഹായകമായി, ചുരുങ്ങിയ ദിവസങ്ങള്‍ക്കൊണ്ട് തീര്‍ത്തും സുതാര്യമായി ഇത്തരത്തിലുള്ള സഹസിക പ്രകടനങ്ങളിലൂടെ, വിദേശ മലയാളി സമൂഹത്തിലെ രാഷ്ട്രീയ - സാംസ്‌കാരിക സംഘടനയയുടെ തലപ്പത്തുള്ള ഒരാള്‍ക്ക്, ഇത്രയും പണം സ്വരൂപിക്കാന്‍ സാധിച്ചതും അര്‍ഹതപെട്ട കരങ്ങളില്‍ അതു എത്തിക്കുന്നതും ആദ്യമായാണെന്നാണ് വിലയിരുത്തപ്പെടുന്നത്. കഴിഞ്ഞ മാസമാണ് കോണ്‍ഗ്രസ് ആഭിമുഖ്യമുള്ള പ്രവാസ സംഘടനയായ ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് (ഒ ഐ സി സി) - യുടെ യു കെ ഘടകം അധ്യക്ഷയായി ഷൈനുവിനെ കെ പി സി സി നിയമിക്കുന്നത്.


വയനാട് ദുരന്തത്തിനിരയായ അനേകം ജീവനുകളുടെ കണ്ണീരൊപ്പുന്നതിനായുള്ള ജീവകാരുണ്യ പ്രവര്‍ത്തന ധന ശേഖരണത്തിന്റെ ഭാഗമായി, 15000 അടി ഉയരത്തില്‍ നിന്നും കഴിഞ്ഞ ദിവസം ഷൈനു ക്ലെയര്‍ മാത്യൂസ് വിജയകരമായി പൂര്‍ത്തീകരിച്ച 'ആകാശ ചാട്ടം' സോഷ്യല്‍ മീഡിയയില്‍ വന്‍ തരംഗമായിരുന്നു. യു കെയുടെ വിവിധ സ്ഥലങ്ങളില്‍ നിന്നുമുള്ള മലയാളി സമൂഹം നേരിട്ടും അല്ലാതെയും വലിയ പിന്തുണയാണ് ഈ സാഹസിക ഉദ്യമത്തിന് നല്‍കിയത്. ധന സമാഹരണത്തിനായി ഷൈനുവിന്റെയും അവരുടെ ഏയ്ഞ്ചല്‍ മൗണ്ട്, ക്ലെയര്‍ മൗണ്ട് എന്നീ പ്രസ്ഥാനങ്ങളിലെ ജീവനക്കാരുടേയും നേതൃത്വത്തില്‍ സംഘടിപ്പിച്ച മൂന്ന് 'ഫുഡ് ഫെസ്റ്റു'കളും യു കെയില്‍ വന്‍ ഹിറ്റായിരുന്നു.


ചാരിറ്റി പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് മുന്‍പും രണ്ടു തവണ ഇത്തരത്തിലുള്ള സ്‌കൈ ഡൈവിംഗ് ഷൈനു ക്ലെയര്‍ മാത്യൂസ് നടത്തിയിട്ടുണ്ട്. അതിയായ ആത്മവിശ്വാസം ആവശ്യമായ ആകാശച്ചാട്ടം, ഈ പ്രായത്തിലും അനായാസമായി പൂര്‍ത്തീകരിക്കാന്‍ സാധിച്ചത് അവരുടെ ഇച്ഛാശക്തിയും അര്‍പ്പണബോധവും ഒന്നു കൊണ്ട് മാത്രമാണ് എന്നായിരുന്നു ഷൈനുവിന്റെ സ്‌കൈ ഡൈവ് ഇന്‍സ്ട്രക്ടര്‍ ജാനിന്റെ വാക്കുകള്‍.


ഒരേസമയം അത്ഭുതവും ആകാംഷയും തെല്ലു സമ്മര്‍ദ്ധവും പകരുന്നതാണ് ആകാശച്ചാട്ടം. സ്‌കൈ ഡൈവേഴ്സും ഇന്‍സ്ട്രക്ട്ടരും ക്യാമറമാനും അടങ്ങുന്ന സംഘത്തെ ചെറു എയര്‍ ക്രാഫ്റ്റുകളില്‍ നിരപ്പില്‍ നിന്നും 15000 അടി മുകളില്‍ എത്തിക്കുക എന്നതാണ് ആദ്യ കടമ്പ. തുടര്‍ന്നു, ലാന്‍ഡിംഗ് സ്‌പേസ് ലക്ഷ്യമാക്കിയുള്ള ചാട്ടം. മണിക്കൂറില്‍ 120 മൈല്‍ വേഗതയില്‍ പായുന്ന 'ഫ്രീ ഫാള്‍' ആണ് ആദ്യത്തെ 45 - 50 സെക്കന്‍ന്റുകള്‍. പിന്നീട് ഇന്‍സ്ട്രക്ട്ടര്‍ പാരച്യൂട്ട് വിടര്‍ത്തി മെല്ലെ സേഫ് ലാന്‍ഡിംഗ് ചെയ്യിക്കുന്നു. ഇതിനിടയില്‍ ആകാശകാഴ്ചകളുടെ അത്ഭുതവും പാരച്യൂട്ട് സ്പിന്നിംഗ് പോലുള്ള അഭ്യാസ പ്രകടനങ്ങളുടെ സഹസികതയും അനുഭവിക്കാം. ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ക്യാമറാമാനും ഒപ്പം ഉണ്ടാകും.


ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ കേരളത്തിന്റെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ മാതൃകയാക്കിയിരിക്കുന്ന ഷൈനു ക്ലിയര്‍ മാത്യൂസ്, വയനാടിനായുള്ള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കാളിയാവാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും ആ കര്‍ത്തവ്യബോധം എല്ലാ വെല്ലുവിളികളെയും അതിജീവിക്കാന്‍ സഹായകകരമായെന്നും സത്യം ഓണ്‍ലൈന്‍ ന്യൂസിനോട് പറഞ്ഞു. മലയാളി സമൂഹത്തില്‍ നിന്നും ലഭിക്കുന്ന സഹകരണവും പിന്തുണയുമാണ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുള്ള തന്റെ ആത്മവിശ്വാസവും ഊര്‍ജ്ജവുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.


സെപ്റ്റംബര്‍ 30 വരെ ധന ശേഖരണത്തിനായുള്ള ലിങ്ക് മുഖേന വയനാടിന് സഹായമെത്തിക്കുവാനുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമാകാന്‍ സാധിക്കും. തന്റെ പ്രവര്‍ത്തനങ്ങള നേരിട്ടും അല്ലാതെയും സോഷ്യല്‍ മീഡിയ വഴിയും പിന്തുണച്ചവര്‍ക്കും ഫണ്ട് സമാഹരണം / ഫുഡ് ചലഞ്ചുകള്‍ എന്നിവയില്‍ പങ്കാളികളായവര്‍ക്കും എല്ലാ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും ചേര്‍ന്നു നിന്ന് പിന്തുണയ്ക്കുന്ന തന്റെ ജീവനക്കാരോടുള്ള നന്ദിയും ഷൈനു ക്ലെയര്‍ മാത്യൂസ് അറിയിച്ചു.


പൊതു രംഗത്തും ചാരിറ്റി രംഗത്തും സജീവ സാന്നിധ്യമായ ഷൈനു, യു കെയിലെ അറിയപ്പെടുന്ന സംരംഭക കൂടിയാണ്. യു കെയില്‍ ക്ലെയര്‍ മൗണ്ട്, ഏയ്ഞ്ചല്‍ മൗണ്ട്, സിയോന്‍ മൗണ്ട് എന്നീ കെയര്‍ ഹോമുകളും ഗള്‍ഫ് രാജ്യങ്ങളില്‍ 'ടിഫിന്‍ ബോക്‌സ്' എന്ന പേരില്‍

ഹോട്ടല്‍ ശൃംഗലകളും നാനൂറോളം സീറ്റിങ് കപ്പാസിറ്റിയുമായി യു കെയിലെ മലയാളി റെസ്റ്റോറന്റുകളില്‍ ഏറ്റവും വലിപ്പമേറിയത് എന്ന ഖ്യാതിയുള്ള കവന്‍ട്രിയിലെ ടിഫിന്‍ ബോക്‌സ് റെസ്റ്റോറന്റും ഷൈനുവിന്റെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളാണ്.


Other News in this category



4malayalees Recommends