ഇന്‍ഡിഗോ വിമാന ബഹിഷ്‌ക്കരണം അവസാനിപ്പിച്ച് ഇ പി ജയരാജന്‍ ; യെച്ചൂരിയെ കാണാന്‍ ഡല്‍ഹിയിലേക്ക്

ഇന്‍ഡിഗോ വിമാന ബഹിഷ്‌ക്കരണം അവസാനിപ്പിച്ച് ഇ പി ജയരാജന്‍ ; യെച്ചൂരിയെ കാണാന്‍ ഡല്‍ഹിയിലേക്ക്
ഇന്‍ഡിഗോ വിമാന ബഹിഷ്‌ക്കരണം അവസാനിപ്പിച്ച് മുതിര്‍ന്ന സിപിഐഎം നേതാവ് ഇ പി ജയരാജന്‍. അന്തരിച്ച സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ കാണാന്‍ ഇ പി ഡല്‍ഹിക്ക് തിരിച്ചത് ഇന്‍ഡിഗോ വിമാനത്തിലാണ്. ഇന്നലെ രാത്രി കരിപ്പൂരില്‍ നിന്നും ഇന്‍ഡിഗോ വിമാനത്തിലാണ് ജയരാജന്‍ ഡല്‍ഹിക്ക് പോയത്.

ഇന്‍ഡിഗോ വിമാനത്തിനുള്ളില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസുകാരെ നിലത്തേക്ക് തള്ളിയിട്ട ഇ പിക്ക് മൂന്ന് ആഴ്ചത്തേക്ക് യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് ഇന്‍ഡിഗോ വിമാന യാത്ര ഇപി ബഹിഷ്‌കരിച്ചത്.

2022 ജൂണ്‍ 13 നാണ് ബഹിഷ്‌കരണത്തിന് അടിസ്ഥാനമായ സംഭവം നടന്നത്.

കണ്ണൂരില്‍ നിന്നും തിരുവനന്തപുരത്തേക്ക് ഇന്‍ഡിഗോ വിമാനത്തില്‍ വന്ന മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധിച്ചിരുന്നു. സ്വര്‍ണ്ണക്കടത്ത് വിവാദത്തിനിടെയായിരുന്നു സംഭവം. മുദ്രാവാക്യം വിളിച്ച് മുന്നോട്ട് നീങ്ങിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഇ പി ജയരാജന്‍ തള്ളിയിടുകയായിരുന്നു. സംഭവത്തില്‍ ഇന്‍ഡിഗോ അന്വേഷണം നടത്തുകയും ഇപിക്ക് മൂന്ന് ആഴ്ച്ചത്തേക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു.

പിന്നാലെയാണ് ഇന്‍ഡിഗോ വിമാനത്തിലെ യാത്ര ഇ പി അവസാനിപ്പിച്ചത്. പിന്നീട് പല തവണ ഇന്‍ഡിഗോ അധികൃതര്‍ ഇ പിയെ തീരുമാനത്തില്‍ നിന്നും പിന്‍വാങ്ങാന്‍ ആവശ്യപ്പെട്ട് ബന്ധപ്പെട്ടിരുന്നെങ്കിലും ഇ പി തീരുമാനത്തില്‍ ഉറച്ച് നില്‍ക്കുകയായിരുന്നു.

Other News in this category



4malayalees Recommends