കമല ഹാരിസുമായി ഇനി രണ്ടാമതൊരു സംവാദത്തിനില്ലെന്ന് ട്രംപ് , പേടിയെന്ന് പരിഹാസം

കമല ഹാരിസുമായി ഇനി രണ്ടാമതൊരു സംവാദത്തിനില്ലെന്ന് ട്രംപ് , പേടിയെന്ന് പരിഹാസം
കമല ഹാരിസുമായി രണ്ടാമതൊരു സംവാദത്തിനുള്ള സാധ്യത തള്ളി റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡോണള്‍ഡ് ട്രംപ്. ഫിലാഡല്‍ഫിയയില്‍ ചൊവ്വാഴ്ച നടന്ന സംവാദത്തില്‍ താന്‍ വിജയിച്ചെന്നാണ് ട്രംപിന്റെ അവകാശവാദം. കമല വൈസ് പ്രസിഡന്റ് ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന ഉപദേശവും ട്രംപ് നല്‍കി. എന്നാല്‍ സംവാദത്തില്‍ ട്രംപിനേക്കാള്‍ കമല മികവ് പുലര്‍ത്തിയെന്നാണ് പല പോളുകളും പറയുന്നത്.

അമേരിക്കയില്‍ നവംബറില്‍ നടക്കാനിരിക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് ഡെമോക്രാറ്റിക്ക് സ്ഥാനാര്‍ഥി കമല ഹാരിസും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ട്രംപും തമ്മില്‍ രണ്ട് ദിവസം മുന്‍പ് സംവാദം നടന്നത്. ഫിലാഡല്‍ഫിയ സംവാദത്തിന് തൊട്ടുപിന്നാലെ തന്നെ നടന്ന തിരഞ്ഞെടുപ്പ് റാലിയില്‍ മറ്റൊരു ചര്‍ച്ചയ്ക്കുകൂടി വോട്ടര്‍മാരോട് കടപ്പെട്ടിരിക്കുന്നുവെന്നാണ് കമല പ്രതികരിച്ചത്. എന്നാല്‍ താന്‍ സംവാദത്തില്‍ വിജയിച്ചുവെന്നും അതുകൊണ്ട് മാത്രമാണ് കമലയ്ക്ക് രണ്ടാമതൊരു സംവാദം ആവശ്യമെന്നും ട്രംപ് അവകാശപ്പെടുന്നു.

''കമലയ്‌ക്കെതിരായ സംവാദത്തില്‍ ഞാന്‍ വിജയിച്ചതായി സര്‍വേകള്‍ വ്യക്തമാക്കുന്നുണ്ട്. എന്നാല്‍, ഉടന്‍ തന്നെ രണ്ടാമതൊരു സംവാദത്തിന് കമല ആഹ്വാനം ചെയ്തു. ഒരാള്‍ ഒരു പോരാട്ടത്തില്‍ പരാജയപ്പെടുമ്പോള്‍ ആദ്യം പറയുന്നകാര്യം രണ്ടാമതൊരു മത്സരം വേണമെന്നാണ്,'' ട്രംപ് വ്യക്തമാക്കി.

ചൊവ്വാഴ്ച എബിസി ന്യൂസില്‍ നടന്ന സംവാദം ഒന്നരമണിക്കൂര്‍ നീണ്ടിരുന്നു. ശേഷം, ഇരുവരും മുന്‍തൂക്കം അവകാശപ്പെടുകയും ചെയ്തിരുന്നു. സംവാദത്തില്‍ ട്രംപിനെ പ്രതിരോധത്തിലാക്കാന്‍ കമലയ്ക്ക് സാധിച്ചെന്നാണ് വിലയിരുത്തല്‍.

Other News in this category



4malayalees Recommends