ഹോളിഡേ ആഘോഷിക്കാനിറങ്ങിയ ശേഷമുണ്ടായ തര്‍ക്കത്തില്‍ പങ്കാളിയെ കാമുകന്‍ ഇടിച്ച് കൊന്നു. മേഴ്‌സിസൈഡില്‍ നിന്നുമുള്ള 53-കാരന്‍ ജോണ്‍ മെഡോസും, പങ്കാളി 56-കാരി ജിലിയാന്‍ ഹ്യൂഗ്‌സും ഐല്‍ മാനില്‍ ഹോളിഡേയ്ക്കായി എത്തിയപ്പോഴാണ് അടിപൊട്ടിയത്.
എന്നാല്‍ രോഷത്തിലുള്ള ജോണിന്റെ ഒറ്റ ഇടിയില്‍ ജിലിയാന്റെ ജീവന്‍ പൊലിഞ്ഞു. നരഹത്യാ കുറ്റത്തില്‍ അഞ്ച് വര്‍ഷവും, എട്ട് മാസവും ദൈര്‍ഘ്യമുള്ള ശിക്ഷയാണ് ജോണിന് കോടതി വിധിച്ചിരിക്കുന്നത്.
ഡഗ്ലസ് പ്രോമനേഡിലെ പാലസ് ഹോട്ടലിന് സമീപത്ത് വെച്ചായിരുന്നു മാര്‍ച്ച് 9ന് ഇടി നടന്നത്. ഒരു ബോക്‌സറുടെ പഞ്ചാണ് ജോണ്‍ തൊടുത്തതെന്ന് ദൃക്‌സാക്ഷികള്‍ മൊഴി നല്‍കി. സംഭവത്തില്‍ ജിലിയാന്റെ ജീവന്‍ പൊലിഞ്ഞതോടെ ഇയാള്‍ക്ക് എതിരെ നരഹത്യാ കുറ്റമാണ് ചുമത്തിയത്.
മറ്റ് കുടുംബാംഗങ്ങള്‍ക്ക് ഒപ്പമായിരുന്നു ഇവര്‍ ദ്വീപില്‍ എത്തിയത്. കൂട്ടത്തില്‍ കുട്ടി ഉണ്ടായിരുന്നതിനാല്‍ ഒരു പബ്ബില്‍ പോകാന്‍ പറ്റാത്തതിന്റെ പേരിലുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.