ബംഗളൂരുവില്‍ കെട്ടിടം തകര്‍ന്ന സംഭവം ; അത്ഭുതകരമായി രക്ഷപ്പെട്ട് കെട്ടിട നിര്‍മ്മാണ തൊഴിലാളി

ബംഗളൂരുവില്‍ കെട്ടിടം തകര്‍ന്ന സംഭവം ; അത്ഭുതകരമായി രക്ഷപ്പെട്ട് കെട്ടിട നിര്‍മ്മാണ തൊഴിലാളി
ബംഗളൂരുവില്‍ കഴിഞ്ഞ ദിവസം കെട്ടിടം തകര്‍ന്ന സംഭവത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട് കെട്ടിടനിര്‍മാണത്തൊഴിലാളി. ബിഹാര്‍ സ്വദേശിയായ അയാസ് ആണ് രക്ഷപ്പെട്ടത്. രാത്രി മുഴുവന്‍ തകര്‍ന്ന കെട്ടിടത്തിന് കീഴില്‍ കഴിഞ്ഞ അയാസിനെ തൂണുകള്‍ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. എന്‍ഡിആര്‍എഫും എസ്ഡിആര്‍എഫും പോലീസും ഫയര്‍ ഫോഴ്സും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.

തെരച്ചിലിനിടെ അയാസിന് ജീവനുണ്ടെന്ന് കണ്ടതോടെ ജാഗ്രതയോടെയാണ് കെട്ടിട അവശിഷ്ടങ്ങള്‍ നീക്കിയത്. ജെസിബി കൊണ്ട് വശത്തെ സിമന്റ് അവശിഷ്ടങ്ങള്‍ നീക്കം ചെയ്ത് പതുക്കെ പുറത്തെടുക്കുകയായിരുന്നു. അയാസിനെ ഉടന്‍ തന്നെ സജ്ജമാക്കി നിര്‍ത്തിയിരുന്ന ആംബുലന്‍സില്‍ കയറ്റി ആശുപത്രിയില്‍ എത്തിച്ചു.

ഹെന്നൂരിലാണ് കെട്ടിടം തകര്‍ന്നുവീണത്. കെട്ടിടത്തില്‍ നിന്ന് 4 മൃതദേഹം കൂടി കണ്ടെടുത്തു. അപകടത്തില്‍ മരണം അഞ്ചായി ഉയര്‍ന്നു. ഇന്നലെ രാത്രി മുഴുവന്‍ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ബിഹാര്‍, തമിഴ്‌നാട് സ്വദേശികളുടെ മൃതദേഹമാണ് കണ്ടെടുത്തത്. ത്രിപാല്‍, മുഹമ്മദ് സാഹില്‍, സത്യരാജ് എന്നിവരാണ് മരിച്ചത്. കെട്ടിട അവശിഷ്ടങ്ങള്‍ക്ക് ഇടയില്‍ നിന്ന് ഇനി 5 പേരെ കണ്ടെത്താനുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. അമ്മയും കുഞ്ഞും അപകടത്തില്‍പ്പെട്ടുവെന്നും സ്ഥിരീകരിച്ചു. സ്‌നിഫര്‍ ഡോഗുകളെ അടക്കം ഉപയോഗിച്ച് ആണ് തെരച്ചില്‍ തുടരുന്നത്.

Other News in this category



4malayalees Recommends