കാനഡയിലെ വാള്‍മാര്‍ട്ട് സ്റ്റോറിന്റെ ബേക്കറി ഡിപ്പാര്‍ട്ട്മെന്റിലെ വാക്ക്-ഇന്‍ ഓവനില്‍ ഇന്ത്യന്‍ വംശജയായ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ജീവനക്കാരിയുടെ വെളിപ്പെടുത്തല്‍. സംഭവം അപകടമല്ലെന്നും 19കാരിയായ ഗുര്‍സിമ്രാന്‍ കൗറിനെ മറ്റൊരാള്‍ അടുപ്പിലേക്ക് എടുത്തെറിയുകയായിരുന്നെന്നും വാള്‍മാര്‍ട്ട് ജീവനക്കാരി ആരോപിച്ചു. സഹപ്രവര്‍ത്തകയായ ക്രിസ് ബ്രീസിയാണ് വെളിപ്പെടുത്തല്‍ നടത്തിയത്. ഒക്ടോബര്‍ 19-നാണ് ഗുര്‍സിമ്രാന്‍ കൗറിനെ ഹാലിഫാക്സിലെ സൂപ്പര്‍ സ്റ്റോറിലെ ഉപകരണത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
കഴിഞ്ഞ രണ്ട് വര്‍ഷമായി കടയില്‍ ജോലി ചെയ്തിരുന്ന കൗറിനെ അമ്മയാണ് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. അന്വേഷണം ആരംഭിച്ചെങ്കിലും സംഭവത്തിന് പിന്നിലെ ദുരൂഹത നീക്കാന്‍ പൊലീസിന് സാധിച്ചിരുന്നില്ല. വാള്‍മാര്‍ട്ടില്‍ ജോലി ചെയ്യുമ്പോള്‍ താന്‍ ഉപയോഗിച്ച ഓവന്‍ പുറത്ത് നിന്ന് ഓണാക്കിയെന്നും ഡോര്‍ ഹാന്‍ഡില്‍ തുറക്കാന്‍ വളരെ ബുദ്ധിമുട്ടാണെന്നും ബ്രീസി പറഞ്ഞതായി ദ മിറര്‍ റിപ്പോര്‍ട്ട് ചെയ്തു.
ഓവന്റെ അകത്ത് കയറാന്‍ കുനിയേണ്ടി വരും. അടുപ്പിനുള്ളില്‍ ഒരു എമര്‍ജന്‍സി ലാച്ച് ഉണ്ടെന്നും ഒരു തൊഴിലാളിക്ക് അടുപ്പിലേക്ക് പ്രവേശിക്കേണ്ട ജോലികളൊന്നും ഉണ്ടായിരുന്നില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി. അടുപ്പ് പൂട്ടണമെങ്കില്‍ എല്ലാ ശക്തിയും ഉപയോഗിച്ച് ലാച്ച് തള്ളണം. അത്തരത്തില്‍ ആരെങ്കിലും സ്വയം പൂട്ടാന്‍ ഒരു സാധ്യതയുമില്ല. അതുകൊണ്ടുതന്നെ രണ്ടാമതൊരാള്‍ ഗുര്‍സിമ്രാന്‍ കൗറിനെ അടുപ്പിലേക്ക് എറിഞ്ഞതെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും അവര്‍ പറഞ്ഞു. അതേസമയം, സംഭവം കമ്പനിയുടെ ഹൃദയം തകര്‍ത്തെന്നും കൗറിന്റെ കുടുംബത്തിനൊപ്പമാണ് കമ്പനിയെന്നും വാള്‍മാര്‍ട്ട് കാനഡ പ്രസ്താവനയില്‍ പറഞ്ഞു.