ആറു ചാക്കുകെട്ടിലാണ് തെരഞ്ഞെടുപ്പ് സമയം പണം ബിജെപി ഓഫീസിലെത്തിയത് ; നേതാക്കളുടെ നിര്‍ദേശപ്രകാരമാണ് അന്ന് പൊലീസില്‍ മൊഴി നല്‍കിയത്, ഇനി സത്യം തുറന്നുപറയുമെന്ന് മുന്‍ ഓഫീസ് സെക്രട്ടറി തിരൂര്‍ സതീഷ്
കൊടകര കള്ളപ്പണക്കേസില്‍ താന്‍ നടത്തിയവെളിപ്പെടുത്തലിലാണ് നേതൃത്വം മറുപടി നല്‍കേണ്ടതെന്ന് മുന്‍ ഓഫീസ് സെക്രട്ടറി തിരൂര്‍ സതീഷ്. ജില്ലാ ഓഫീസില്‍ ചുമതലയുണ്ടായപ്പോള്‍ നേതാക്കളുടെ നിര്‍ദേശപ്രകാരമാണ് അന്ന് പൊലീസില്‍ മൊഴി നല്‍കിയതെന്നും ഇനി യാഥാര്‍ത്ഥ്യം തുറന്നു പറയുമെന്നും അദ്ദേഹം പറഞ്ഞു.
തന്നെക്കുറിച്ച് നേതൃത്വം പറഞ്ഞ കാര്യങ്ങള്‍ കളവാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.പണം കൊണ്ടുവന്ന സമയത്ത് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനും, ജില്ലാ പ്രസിഡന്റ് അനീഷ് കുമാറും ഓഫീസിലുണ്ടായിരുന്നില്ലെന്നും സതീഷ് പറഞ്ഞു. 'ഞാനുന്നയിച്ച കാര്യം പാര്‍ട്ടിക്ക് വേണ്ടി തിരഞ്ഞെടുപ്പ് സമയത്ത് പണം ഓഫീസില്‍ വന്നുവെന്നാണ്. അതിനാണ് മറുപടി നല്‍കേണ്ടത്. ഒരാള്‍ ഒരു കാര്യം വെളിപ്പെടുത്തുമ്പോള്‍ ഏത് പാര്‍ട്ടിക്കാരും ചെയ്യുന്നത് തന്നെയാണ് ബിജെപി നേതൃത്വം തനിക്കെതിരെ ചെയ്തത്. പണം കൊണ്ടുവന്ന സമയത്ത് അനീഷ് അവിടെയുണ്ടായെന്ന് പറഞ്ഞിട്ടില്ല. ധര്‍മരാജന്‍ (മുഖ്യപ്രതി) ഓഫീസില്‍ വരുമ്പോള്‍ സംസ്ഥാന അധ്യക്ഷനും ജില്ലാ അധ്യക്ഷനുമുണ്ടായിരുന്നു. അന്ന് വരുമ്പോള്‍ വെറും കയ്യോടെയാണ് വന്നത്', അദ്ദേഹം പറഞ്ഞു.
പണം വരുന്നതിന് രണ്ടാഴ്ച മുമ്പാണ് ധര്‍മരാജന്‍ ഓഫീസിലെത്തിയതെന്നും സതീഷ് കൂട്ടിച്ചേര്‍ത്തു. ഒറ്റത്തവണയായി പ്ലാസ്റ്റിക്കിന്റെ ആറ് ചാക്കുകെട്ടുകളാണ് വന്നതെന്നും അദ്ദേഹം ആവര്‍ത്തിച്ചു. തിരഞ്ഞെടുപ്പിന് ആവശ്യമുള്ള മെറ്റീരിയല്‍സാണെന്നാണ് തന്നോട് നേതാക്കള്‍ പറഞ്ഞതെന്നും ചാക്ക് തുറക്കുമ്പോഴാണ് പണമാണെന്ന് അറിയുന്നതെന്നും സതീഷ് പറഞ്ഞു. ദിവസങ്ങളോളം ചാക്ക് കെട്ട് സൂക്ഷിച്ചിരുന്നുവെന്നും അദ്ദേഹം പറയുന്നു. താനും ധര്‍മരാജനും തലച്ചുമാടായാണ് ചാക്ക് കെട്ട് മുകള്‍ നിലയിലേക്ക് എത്തിച്ചതെന്നും സതീഷ് കൂട്ടിച്ചേര്‍ത്തു.