ഇസ്രായേലിനെതിരെ നേരിട്ടുള്ള ആക്രമണത്തിന് തയ്യാറെടുക്കാന്‍ ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല ഖമേനി ദേശീയ സുരക്ഷാ സമിതിക്ക് നിര്‍ദ്ദേശം നല്‍കിയതായി റിപ്പോര്‍ട്ട്. ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണം ഉണ്ടാക്കിയ നാശനഷ്ടങ്ങള്‍ ഖമേനി വിലയിരുത്തിയിരുന്നു. ഇസ്രായേലിന്റെ ആക്രമണം കാരണമുണ്ടായ നാശനഷ്ടങ്ങള്‍ അവഗണിക്കാന്‍ കഴിയാത്തത്ര പ്രാധാന്യമര്‍ഹിക്കുന്നതാണെന്ന നിഗമനത്തില്‍ എത്തിയതിന് ശേഷമാണ് പ്രത്യാക്രമണത്തിന് തയ്യാറെടുക്കാന്‍ ഖമേനി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
ടെഹ്റാനിലെ മിസൈല്‍ നിര്‍മ്മാണ പ്ലാന്റുകളിലും പ്രതിരോധ സംവിധാനങ്ങളിലുമുടനീളം ഇസ്രായേല്‍ നടത്തിയ ആക്രമണങ്ങള്‍ ഇറാനിയന്‍ സൈനിക ഉദ്യോ?ഗസ്ഥര്‍ ഖമേനിയോട് വിശദീകരിച്ചിരുന്നു. നാശനഷ്ടങ്ങളുടെ റിപ്പോര്‍ട്ട് അവലോകനം ചെയ്തതിന് ശേഷം ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് ആയത്തുള്ള ഖമേനി തിരിച്ചടിക്കാനുള്ള തീരുമാനം എടുത്തതെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു. അതേസമയം, ഒക്ടോബര്‍ 5ന് മുമ്പ് ഇസ്രായേലിനെതിരെ പ്രത്യാക്രമണം നടത്താനാണ് ഇറാന്‍ തയ്യാറെടുക്കുന്നതെന്നും സൂചനയുണ്ട്. നിര്‍ണായകമായ അമേരിക്കന്‍ തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ ആക്രമണം ആസൂത്രണം ചെയ്യാനാണ് ഇറാന്‍ തീരുമാനിച്ചിരിക്കുന്നതെന്ന് വിവിധ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
അതേസമയം, ചില നിബന്ധനകള്‍ അംഗീകരിക്കാന്‍ ഇസ്രായേല്‍ തയ്യാറായാല്‍ വെടിനിര്‍ത്തലിന് തങ്ങളും തയ്യാറാണെന്ന് ഹിസ്ബുല്ലയുടെ പുതിയ തലവന്‍ നയിം ഖാസിം വ്യക്തമാക്കി. ഇസ്രയേലിന്റെ സുരക്ഷാ കാബിനറ്റ് യോഗം ചേര്‍ന്ന് സാധ്യമായ വെടിനിര്‍ത്തല്‍ ചര്‍ച്ച ചെയ്യുന്നതിനിടെയാണ് നയിം ഖാസിമിന്റെ പ്രസ്താവന പുറത്തുവന്നത്. എന്നാല്‍, കിഴക്കന്‍ ലെബനന്‍ നഗരമായ ബാല്‍ബെക്കിനെ ഇസ്രായേല്‍ ആക്രമിക്കുകയും മറ്റൊരു മുതിര്‍ന്ന ഹിസ്ബുല്ല കമാന്‍ഡറെ വധിച്ചതായി അറിയിക്കുകയും ചെയ്തു.