'250 ഗ്രാം ഉരുളക്കിഴങ്ങ് കാണാതായി, പൊലീസ് അന്വേഷിക്കണം'; അടിയന്തര ടോള്‍ഫ്രീ നമ്പറില്‍ വിളിച്ചു പറഞ്ഞ് മധ്യവയസ്‌കന്‍
കാണാതായ 250 ഗ്രാം ഉരുളക്കിഴങ്ങ് കണ്ടെത്താനായി പൊലീസിന്റെ ടോള്‍ ഫ്രീ നമ്പറില്‍ വിളിച്ച് പരാതി പറഞ്ഞ് മധ്യവയസ്‌കന്‍. ഉത്തര്‍പ്രദേശിലാണ് സംഭവം. ഹര്‍ദോയ് ജില്ലയിലെ മന്നപൂര്‍വ്വ സ്വദേശിയായ വിജയ് വര്‍മയാണ് പൊലീസിന്റെ അടിയന്തര ടോള്‍ഫ്രീ നമ്പറായ 112 ല്‍ വിളിച്ച് പരാതി അറിയിച്ചത്. വീട്ടില്‍ നിന്ന് ഉരുളകിഴങ്ങ് കാണാതായെന്നും അന്വേഷിക്കണമെന്നുമായിരുന്നു വിജയ് വര്‍മയുടെ ആവശ്യം.
ദീപാവലിയുടെ തലേദിവസമായിരുന്നു സംഭവം. പരാതി ലഭിച്ചതിന് പിന്നാലെ പൊലീസ് വിജയ് വര്‍മയുടെ വീട്ടിലെത്തി കാര്യം തിരക്കി. ഫോണില്‍ വിളിച്ച് പറഞ്ഞ കാര്യങ്ങള്‍ വിജയ് വര്‍മ ആവര്‍ത്തിച്ചു. മദ്യപിച്ചിട്ടാണ് വിളിച്ചതെന്ന് സംശയം തോന്നിയതോടെ പൊലീസ് ഇക്കാര്യ വിജയ് വര്‍മയോട് ചോദിച്ചു. മദ്യപിച്ചിട്ടുണ്ട് എന്നായിരുന്നു വിജയ് വര്‍മയുടെ മറുപടി. അതിന് വിശദീകരണവും അദ്ദേഹം നല്‍കി. താന്‍ ദിവസം മുഴുവന്‍ കഠിനാധ്വാനം ചെയ്യുകയാണെന്നും വൈകീട്ട് അല്‍പം മദ്യപിക്കുമെന്നും വിജയ് വര്‍മ പറഞ്ഞു. എന്നാല്‍ ഇത് മദ്യപാനവുമായി ബന്ധപ്പെട്ട വിഷയമല്ല. ഉരുളക്കിഴങ്ങ് കാണാതായതാണ് വിഷയമെന്നും വിജയ് വര്‍മ പറഞ്ഞു.
അന്വേഷണം വേണമെന്ന വിജയ് വര്‍മയുടെ അഭ്യര്‍ത്ഥനാ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വളരെവേഗമാണ് വൈറലായത്. വീഡിയോക്ക് താഴെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി കമന്റുകള്‍ പ്രത്യക്ഷപ്പെട്ടു. പരാതി ലഭിച്ചതിന് തൊട്ടുപിന്നാലെയുള്ള പൊലീസിന്റെ ഇടപെടലിനെ ചിലര്‍ പ്രശംസിച്ചു. എന്നാല്‍ അടിയന്തര സേവനത്തെ ദുരുപയോ?ഗം ചെയ്തുവെന്നുള്ള പരാതിയും ഉയര്‍ന്നു.