കാനഡയിലെ ഹാലോവീന്‍ ആഘോഷങ്ങള്‍ക്കിടെ ചുരിദാര്‍ ധരിച്ച സ്ത്രീ മിഠായികളും മറ്റും മോഷ്ടിക്കുന്ന ദൃശ്യം സോഷ്യല്‍ മീഡിയയില്‍ എത്തി. ആരെന്നോ സംഭവം എന്തെന്നോ അറിയും മുന്‍പ് തന്നെ വസ്ത്രം ചൂണ്ടിക്കാട്ടി പലരും ആ സ്ത്രീ ഇന്ത്യക്കാരിയാണെന്ന് കമന്റ് ചെയ്തു. ചില കമന്റുകളാകട്ടെ അധിക്ഷേപം നിറഞ്ഞതാണ്.
ഒന്റാറിയോയിലെ മാര്‍ഖാമിലെ കോര്‍നെല്‍ പ്രദേശത്ത് യുവതി വീടുവീടാന്തരം കയറിയിറങ്ങി വരാന്തയിലിരിക്കുന്ന മിഠായികളും മധുര പലഹാരങ്ങളും മറ്റും മോഷ്ടിക്കുന്ന ദൃശ്യമാണ് പുറത്തുവന്നത്. ഹാലോവീന്‍ വേഷം ധരിച്ചെത്തുന്ന കുട്ടികള്‍ക്ക് നല്‍കാനായി കരുതിവെച്ച മിഠായികളാണ്, ഒരു സഞ്ചിയുമായെത്തിയ യുവതി കൊണ്ടുപോയത്.
മാധ്യമ പ്രവര്‍ത്തകനും ദി ഫോക്നര്‍ ഷോയുടെ അവതാരകനുമായ ഹാരിസണ്‍ ഫോക്നര്‍ ദൃശ്യം സമൂഹ മാധ്യമമായ എക്‌സില്‍ പങ്കുവെച്ചു. ഇന്നലെ രാത്രി ഒന്റാറിയോയിലെ മാര്‍ഖാമില്‍ നിന്നുള്ളതാണിത്, എന്താണ് സംഭവിക്കുന്നത്? എന്ന് ചോദിച്ചുകൊണ്ട് ഷെയര്‍ ചെയ്ത വീഡിയോ ഇതിനകം ആറ് ലക്ഷത്തോളം പേര്‍ കണ്ടുകഴിഞ്ഞു. പല സിസിടിവികളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ ഒരുമിച്ച് ചേര്‍ത്ത് ആരാണ് ഒരൊറ്റ വീഡിയോ ആക്കിയതെന്ന് വ്യക്തമല്ല.
ഹാലോവീന്റെ ഭാഗമായി പലവിധ വേഷങ്ങളില്‍ കുട്ടികള്‍ 'ട്രിക്ക് ഓര്‍ ട്രീറ്റ്' എന്ന് ചോദിച്ച് വീടുകളില്‍ വരുമ്പോള്‍ അവര്‍ക്ക് നല്‍കാനായി സൂക്ഷിച്ചിരുന്ന മധുര പലഹാരങ്ങളും മിഠായികളുമാണ് യുവതി എടുത്തു കൊണ്ടുപോയത്. ഒരിടത്ത് നിന്ന് അലങ്കാര ബള്‍ബുകളും കൊണ്ടുപോയി. വീഡിയോയ്ക്ക് താഴെ പലവിധ കമന്റുകള്‍ കാണാം. വേഷം കണ്ട് ഇന്ത്യന്‍ യുവതിയാണെന്ന് ചിലര്‍ കുറിച്ചു. മറ്റു ചിലര്‍ മിഠായിക്കായി വരുന്ന കുട്ടികള്‍ കിട്ടാതെ നിരാശരായി മടങ്ങുന്നതോര്‍ത്ത് സങ്കടപ്പെട്ടു. എന്നാല്‍ വീഡിയോയിലെ സ്ത്രീ ആരാണെന്നോ എന്തിനാണവര്‍ മിഠായികളൊക്കെ കൊണ്ടുപോതെന്നോ വ്യക്തമല്ല.