രാജസ്ഥാനില്‍ യൂട്യൂബ് വീഡിയോ നോക്കി ലാബ് അറ്റന്‍ഡര്‍ രോഗിക്ക് ഇസിജി എടുത്ത സംഭവത്തില്‍ അന്വേഷണം. ജോധ്പൂരിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലാണ് സംഭവം. യൂട്യൂബ് ക്ലിപ്പ് കണ്ടതിന് ശേഷം ലാബ് അറ്റന്‍ഡര്‍ രോഗിക്ക് ഇസിജി സ്‌കാന്‍ ചെയ്യുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് ആരോഗ്യവകുപ്പ് അന്വേഷണം പ്രഖ്യാപിച്ചത്.
വീഡിയോ കണ്ടതിന് ശേഷം രോഗിയെ ഇസിജി സ്‌കാനിംഗിന് വിധേയനാക്കുന്നത് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോയില്‍ കാണാം. കൃത്യമായി അറിവില്ലാതെ ഇസിജി എടുക്കരുതെന്നും, രോഗിയെ കൊല്ലരുതെന്നും ബന്ധുക്കള്‍ എതിര്‍പ്പറിയിക്കുന്നതും വീഡിയോയില്‍ പറയുന്നുണ്ട്. എന്നാല്‍ ലാബില്‍ ജീവനക്കാരില്ലാത്തതിനാല്‍ തനിക്ക് മറ്റ് മാര്‍ഗമില്ലെന്ന് പറഞ്ഞാണ് ലാബ് അറ്റന്‍ഡര്‍ യൂട്യൂബ് വീഡിയോ കണ്ട് രോഗിക്ക് ഇസിജി എടുത്തത്.
ലാബ് ടെക്നീഷ്യന്‍ ദീപാവലി അവധിക്ക് നാട്ടിലേക്ക് പോയതാണെന്നും ലാബ് അറ്റന്‍ഡര്‍ പറയുന്നുണ്ട്. എല്ലാം ശരിയായ സ്ഥലങ്ങളില്‍ തന്നെയാണ് ഇന്‍സ്റ്റാള്‍ ചെയ്തത്. ഇസിജി മെഷീന്‍ ആവശ്യമായ എല്ലാ ജോലികളും ചെയ്യുമെന്നും അറ്റന്‍ഡര്‍പറയുന്നുണ്ട്. അടുത്തിടെ നടന്ന സംഭവത്തിന്റെ വീഡിയോ ശനിയാഴ്ചയാണ് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചത്. നടപടിയെടുക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.