വഴക്കിനെ തുടര്‍ന്ന് ഭര്‍ത്താവിന്റെ ആദ്യ ഭാര്യയെ കത്തികൊണ്ട് 50ഓളം തവണ കുത്തി ഗുരുതരമായി പരിക്കേല്‍പ്പിച്ച് യുവതി. മധ്യപ്രദേശിലെ രേവ ജില്ലയിലാണ് സംഭവം. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. പ്രതിയായ മാന്‍സി ജയയെ ആവര്‍ത്തിച്ച് കുത്തുന്നതായി വീഡിയോയില്‍ കാണാം. ഇരുപത്തിരണ്ടുകാരിയായ മാന്‍സിയും ഇരുപത്തിയാറുകാരിയായ ജയയും രാംബാബു വെര്‍മയെന്നയാളുടെ ഭാര്യമാരാണ്.
ഒക്ടോബര്‍ 31ന് ദീപാവലി ദിനത്തില്‍ മാന്‍സിയും ജയയും തമ്മില്‍ ഒരു പ്രശ്നത്തെച്ചൊല്ലി തര്‍ക്കമുണ്ടായി. അത് വഴക്കിലും കത്തിക്കുത്തിലേക്കും എത്തുകയായിരുന്നു. മാന്‍സി ജയയെ കത്തികൊണ്ട് 50-ലധികം തവണ കുത്തുകയായിരുന്നു. ആക്രമണത്തിന് ശേഷം രക്തത്തില്‍ കുളിച്ചുകിടക്കുന്ന ജയയുടെ സമീപത്ത് മാന്‍സി നില്‍ക്കുന്നത് വീഡിയോയിലുണ്ട്.
മാന്‍സി ജയയുടെ മുഖത്ത് ചവിട്ടുന്നതും കാണാം. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ജയയുടെ നില അതീവ ഗുരുതരമാണ്. സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചതോടെ പൊലീസ് സംഘം സ്ഥലത്തെത്തി മാന്‍സിയെ അറസ്റ്റ് ചെയ്തു. 2019 ലാണ് ജയയും രാംബാബു വെര്‍മ്മയെ തമ്മിലുള്ള വിവാഹം കഴിഞ്ഞത്. ജയയുടെ ആരോഗ്യസ്ഥിതി മോശമായതിനാല്‍ 2021ല്‍ രാംബാബു മാന്‍സിയെ വിവാഹം കഴിച്ചു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.