ശസ്ത്രക്രിയയ്ക്കിടെ പതിനാലുകാരന്റെ വയറ്റില്‍ നിന്ന് കണ്ടെത്തിയത് 65-ഓളം സാധനങ്ങള്‍. ബാറ്ററികള്‍, ചെയ്‌നുകള്‍, ബ്ലേഡ്, സ്‌ക്രൂ തുടങ്ങിയ വസ്തുക്കളാണ് കുട്ടിയുടെ വയറ്റില്‍ നിന്ന് കണ്ടെത്തിയത്. അഞ്ച് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയ്‌ക്കൊടുവില്‍ യുപിയിലെ ഹത്രാസ് സ്വദേശിയായ ആദിത്യ ശര്‍മ മരണത്തിന് കീഴടങ്ങി. കഴിഞ്ഞ ഒക്ടോബര്‍ 28-നായിരുന്നു സംഭവം. ശ്വാസതടസം അനുഭവപ്പെട്ടതിനെത്തുടര്‍ന്നാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് നടത്തിയ ശാസ്ത്രക്രിയയിലാണ് 65-ഓളം സാധനങ്ങള്‍ കണ്ടെടുത്തത്. ഈ സാധനങ്ങള്‍ കുട്ടി മുന്‍പ് വിഴുങ്ങിയതാകാനാണ് സാധ്യതെന്ന് ആശുപത്രി അധികൃതര്‍ പറയുന്നു. കുടലിലുണ്ടായ അണുബാധമൂലമാണ് കുട്ടി മരിച്ചത്.
ശ്വാസതടസ്സവും അസ്വസ്ഥതയുമുണ്ടായതോടെയാണ് ആഗ്രയിലെ ആശുപത്രിയില്‍ കുട്ടിയെ പ്രവേശിപ്പിച്ചതെന്ന് പിതാവ് സഞ്ചേത് ശര്‍മ പറഞ്ഞു. 'ഉടന്‍ തന്നെ ജയ്പൂരിലെ ഒരു ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു. ടെസ്റ്റുകള്‍ക്ക് ശേഷം ഒക്ടോബര്‍ 19-ന് യുപിയിലേക്ക് മടങ്ങി. രണ്ട് ദിവസത്തിന് ശേഷം, ആദിത്യയുടെ ശ്വാസതടസ്സം വീണ്ടും കൂടി. കുട്ടിയെ വീണ്ടും ആശുപത്രിയിലേക്ക് കൊണ്ടുപോയി. അലിഗഡില്‍ നടത്തിയ സിടി സ്‌കാനില്‍ മൂക്കിലുണ്ടായ തടസ്സം കണ്ടെത്തുകയും ഡോക്ടര്‍മാര്‍ വിജയകരമായി ആ തടസം നീക്കം ചെയ്യുകയും ചെയ്തു. എന്നാല്‍ ഇതിന് പിന്നാലെ ആദിത്യയ്ക്ക് വയറുവേദന തുടങ്ങി. ഒക്ടോബര്‍ 26-ന് അലിഗഡില്‍ അള്‍ട്രാസൗണ്ട് പരിശോധന നടത്തി. ഇതിലാണ് 19 വസ്തുക്കള്‍ വയറിനുള്ളില്‍ കുടുങ്ങിയതായി കണ്ടെത്തിയത്. ഉടന്‍ തന്നെ കുട്ടിയെ നോയിഡയിലെ ഒരു സ്വകാര്യ ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു.
നോയിഡയില്‍ ഡോക്ടര്‍മാര്‍ നടത്തിയ പരിശോധനയില്‍ കുട്ടിയുടെ വയറ്റില്‍ 42 വസ്തുക്കള്‍ കണ്ടെത്തി. തുടര്‍ന്ന് അടിയന്തര വൈദ്യസഹായത്തിനായി ആദിത്യയെ ഡല്‍ഹിയിലെ സഫ്ദര്‍ജംഗ് ഹോസ്പിറ്റലിലേക്ക് മാറ്റി. അവിടെ സ്‌കാനിംഗില്‍ ആകെ 65 വസ്തുക്കളുണ്ടെന്ന് സ്ഥിരീകരിച്ചു. ഇതിനിടെ കുട്ടിയുടെ ഹൃദയമിടിപ്പ് മിനിറ്റില്‍ 280 ആയി ഉയര്‍ന്നു', കുടുംബം പറഞ്ഞു.
ഒക്ടോബര്‍ 27-ന് രാവിലെ 11 മുതല്‍ വൈകിട്ട് 4 വരെ സഫ്ദര്‍ജംഗ് ഹോസ്പിറ്റലിലെ ഡോക്ടര്‍മാര്‍ നടത്തിയ ശസ്ത്രക്രിയയില്‍ കുട്ടിയുടെ വയറ്റില്‍ നിന്ന് സാധനങ്ങള്‍ ഒന്നൊന്നായി നീക്കം ചെയ്തുവെന്നും പിതാവ് പറഞ്ഞു. എന്നാല്‍ ആദിത്യയ്ക്ക് വീണ്ടും വയറുവേദന ഉണ്ടായി. ഉടന്‍ തന്നെ മൂന്ന് വസ്തുക്കള്‍ കൂടി നീക്കം ചെയ്തു. അടുത്ത ദിവസം തന്റെ മകന്‍ മരിച്ചുവെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കുടലില്‍ അണുബാധ ഉണ്ടായതായി വ്യക്തമായെന്നും സഞ്ചേത് ശര്‍മ പറഞ്ഞു. ഹത്രസിലെ ഒരു ഫാര്‍മ കമ്പനിയിലെ ജീവനക്കാരനാണ് ആദിത്യയുടെ പിതാവ്. ഏക മകനായിരുന്നു ആദിത്യ.