കാനഡയിലെ ഹിന്ദു ക്ഷേത്രത്തിന് നേരെ ഖലിസ്ഥാന്‍ ആക്രമണം. ബ്രാപ്ടണിലെ ക്ഷേത്രത്തിലെത്തിയവര്‍ക്ക് നേരെയായിരുന്നു ആക്രമണം. ആക്രമണത്തെ കാനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ അപലപിച്ചു. ഇത്തരം സംഭവങ്ങള്‍ അംഗീകരിക്കാനാവുന്നതല്ലെന്നും എല്ലാവര്‍ക്കും അവരുടെ വിശ്വാസങ്ങള്‍ പിന്തുടരാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബ്രാപ്ടണിലെ ക്ഷേത്രത്തില്‍ അതിക്രമിച്ച് കയറിയായിരുന്നു ഖലിസ്ഥാന്‍ വാദികളുടെ ആക്രമണം. സംഭവത്തിന്റെ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. വടികളും മറ്റുമായി എത്തിയ സംഘം ക്ഷേത്രത്തിലുണ്ടായിരുന്നവരെ ആക്രമിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഖലിസ്ഥാന്‍ പതാകയും സംഘം ഉയര്‍ത്തിയിരുന്നു. ആക്രമണത്തില്‍ കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും ഉള്‍പ്പെടെ പരിക്കേറ്റിട്ടുണ്ടെന്ന് ഹിന്ദു കനേഡിയന്‍ ഫൗണ്ടേഷന്‍ പറഞ്ഞു.
ഖലിസ്ഥാന്‍ നേതാവ് ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തിന് പിന്നാലെയാണ് ഇന്ത്യ-കാനഡ ബന്ധം വഷളായത്. നിജ്ജാറിന്റെ കൊലപാതകത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് പങ്കുണ്ടെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ആരോപിച്ചിരുന്നു. സംഭവത്തിന് പിന്നാലെ രൂക്ഷ വിമര്‍ശനമാണ് ഇന്ത്യ കാനഡയ്ക്കെതിരെ ഉന്നയിച്ചത്.
കഴിഞ്ഞ വര്‍ഷം ജൂണിലായിരുന്നു ഇന്ത്യ ഭീകരനായി പ്രഖ്യാപിച്ച ഹര്‍ദീപ് സിംഗ് നിജ്ജാര്‍ വെടിയേറ്റ് മരിച്ചത്. കൊലപാതകത്തില്‍ ഇന്ത്യക്ക് പങ്കുണ്ടെന്ന് നേരത്തെ കാനഡ ആരോപിച്ചിരുന്നു. എന്നാല്‍ ആരോപണങ്ങളെ തള്ളിയ ഇന്ത്യ കാനഡയുടെ വാദം അസംബന്ധമാണ് എന്നായിരുന്നു പ്രതികരിച്ചത്.