ദുബായില്‍ എത്ര ശക്തമായ മഴ പെയ്താലും ഇനി വെള്ളപ്പൊക്കമുണ്ടാകില്ല
ദുബായില്‍ എത്ര ശക്തമായ മഴ പെയ്താലും കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ ഉണ്ടായതുപോലുള്ള വെള്ളപ്പൊക്കം ഇനി ഉണ്ടാവാനിടയില്ല. എത്രമാത്രം വെള്ളം ഒഴുകിയെത്തിയാലും നിമിഷ നേരം കൊണ്ട് അവ പുറത്തേക്ക് ഒഴുക്കിവിടാന്‍ പാകത്തിലുള്ള സമഗ്ര ഓവുചാല്‍ പദ്ധതിക്ക് ദുബായില്‍ തുടക്കമായി. കഴിഞ്ഞ ഏപ്രിലില്‍ പെയ്ത അതിശക്തമായ മഴയില്‍ ദുബായ് നഗരത്തിന്റെ വിവിധ പ്രദേശങ്ങളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ദിവസങ്ങളോളം ജനജീവിതം സ്തംഭിച്ചിരുന്നു.
ഒരു വര്‍ഷം ലഭിക്കേണ്ട മഴയായിരുന്നു ഒരൊറ്റ ദിവസം ദുബായില്‍ ചെയ്തത്. ഇതേ തുടര്‍ന്ന് പലയിടങ്ങളിലും റോഡുകള്‍ വെള്ളത്തിനടിയിലാവുകയും നിരവധി വാഹനങ്ങള്‍ ഒഴുകിപ്പോകുകയും ചെയ്തിരുന്നു. വീടുകളിലും കടകളിലും മറ്റും വെള്ളം കയറി വലിയ തോതില്‍ നാശനഷ്ടവും സംഭവിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് സമഗ്ര ഡ്രെയിനേജ് പദ്ധതി ദുബായ് ഭരണകൂടം ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നത്.
ഡ്രെയിനേജ് കപ്പാസിറ്റി 700 ശതമാനം വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിടുന്ന 3000 കോടി ദിര്‍ഹം ചെലവുവരുന്ന 'തസ്രീഫ്' പദ്ധതിക്ക് ജൂണില്‍ അംഗീകാരം നല്‍കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട നിര്‍മാണ പ്രര്‍ത്തനങ്ങള്‍ നല്ല രീതിയില്‍ പുരോഗമിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു.