47ാംമത്തെ പ്രസിഡന്റിനെ തിരഞ്ഞെടുക്കാന്‍ അമേരിക്ക ഇന്ന് പോളിങ് ബൂത്തുകളിലേക്ക്. ഇന്ത്യന്‍ സമയം വൈകിട്ട് നാലരയോടെ പോളിങ് ആരംഭിക്കും. പെന്‍സില്‍വേനിയ പിടിച്ചെടുക്കാനുള്ള അവസാന ശ്രമത്തിലാണ് ഡോണള്‍ഡ് ട്രംപും കമല ഹാരിസും. അവിടെ അഞ്ചോളം പൊതു യോഗങ്ങളിലാണ് ഇരുവരും പങ്കെടുത്തത്. വിജയ പ്രതീക്ഷയിലാണ് കമല ഹാരിസും ഡൊണാള്‍ഡ് ട്രംപും.
വാശിയേറിയ കമല ഹാരിസ് ഡോണള്‍ഡ് ട്രംപ് പോരാട്ടത്തില്‍ വിധിയെഴുതാന്‍ ജനങ്ങള്‍ തയ്യാറായി കഴിഞ്ഞു. പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളില്‍ ഇടവേളകളില്ലാതെയാണ് കമല ഹാരിസും ഡോണള്‍ഡ് ട്രംപും വോട്ട് അഭ്യര്‍ത്ഥിച്ചത്. സ്വിങ് സ്റ്റേറ്റ്സ് കേന്ദ്രീകരിച്ചാണ് ഇരുവരുടെയും പ്രചാരണം. ബൈഡന്‍ ഭരണകാലത്ത് സാമ്പത്തിക നില തകര്‍ന്നുവെന്ന് ട്രംപ് ആരോപിക്കുമ്പോള്‍ ജീവിതച്ചെലവ് കുറയ്ക്കാന്‍ പ്രവര്‍ത്തിക്കുമെന്നാണ് കമലയുടെ വാദം.
ഫലം അങ്ങോട്ടും മിങ്ങോട്ടും മാറിമറിയാവുന്ന ഏഴ് ചാഞ്ചാട്ട സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചാണ് ഈ അവസാന വട്ട പ്രചാരണം നടന്നത്. അഭിപ്രായ സര്‍വേകളില്‍ ഒപ്പത്തിനൊപ്പമായ തിരഞ്ഞെടുപ്പില്‍ അട്ടിമറിയും പ്രതീക്ഷിക്കാം. ഒരു വന്‍ വിജയമുണ്ടാകുമെന്ന ആത്മവിശ്വാസത്തിലാണ് ട്രംപ് ക്യാമ്പ്. പരമാവധി വോട്ടര്‍മാരെ ബൂത്തുകളില്‍ എത്തിച്ച് വിജയം ഉറപ്പിക്കാന്‍ കഴിയും എന്ന പ്രതീക്ഷയിലാണ് കമല ഹാരിസ്.
24 കോടി പേര്‍ക്കാണ് ഇക്കുറി തിരഞ്ഞെടുപ്പില്‍ വോട്ടവകാശമുള്ളത്. ഏഴ് കോടിയിലധികം പേര്‍ ഇതുവരെ ഏര്‍ളി വോട്ടിംഗ്, പോസ്റ്റല്‍ സംവിധാനങ്ങളിലൂടെ വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്