കൊടകര കുഴല്‍പ്പണം; പിടിച്ചെടുത്തത് മൂന്നരക്കോടി, തിരഞ്ഞെടുപ്പ് കമ്മീഷന് പൊലീസ് നല്‍കിയ കത്ത് പുറത്ത് ; തിരൂര്‍ സന്തോഷിന്റെ മൊഴി പ്രകാരം കേസില്‍ തുടരന്വേഷണത്തിനൊരുങ്ങി സര്‍ക്കാര്‍
കൊടകര കുഴല്‍പ്പണം സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന് പൊലീസ് നല്‍കിയ കത്ത് പുറത്ത്. കൊടകരയില്‍ മൂന്നരക്കോടി പിടിച്ചെന്ന വിവരം പൊലീസ് തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയിരുന്നു. ബിജെപി തിരഞ്ഞെടുപ്പിലേക്കായി 41 കോടി എത്തിച്ചെന്നും തിരഞ്ഞെടുപ്പ് കമ്മീഷനെ കത്തിലൂടെ അറിയിച്ചിട്ടുണ്ട്. കുഴല്‍പ്പണം കടത്തിയതില്‍ ബിജെപി നേതാക്കള്‍ക്കുള്ള പങ്ക് സംബന്ധിച്ച വിശദമായ വിവരങ്ങളും ഇതിലുണ്ട്.
ബിജെപി മുന്‍ ഓഫീസ് സെക്രട്ടറി തിരൂര്‍ സതീഷ് നടത്തിയ വെളിപ്പെടുത്തലിലൂടെയാണ് വീണ്ടും കൊടകര കള്ളപ്പണക്കേസ് ചര്‍ച്ചയായത്. കൊടകരയില്‍ കുഴല്‍പ്പണമായി എത്തിയത് ബിജെപിയുടെ തിരഞ്ഞെടുപ്പ് ഫണ്ടാണെന്നായിരുന്നു സതീഷ് വെളിപ്പെടുത്തിയത്. ചാക്കുകെട്ടുകളിലായാണ് പണം എത്തിച്ചതെന്നും പണം കൊണ്ടുവന്നവര്‍ക്ക് മുറി എടുത്ത് നല്‍കിയത് താനാണെന്നും സതീഷ് വെളിപ്പെടുത്തിയിരുന്നു. ആരോപണത്തിന് തൊട്ടുപിന്നാലെ സതീഷിനെ തള്ളി ബിജെപി സംസ്ഥാന സെക്രട്ടറി കെ സുരേന്ദ്രനും ബിജെപി ജില്ലാ പ്രസിഡന്റ് കെ കെ അനീഷ് കുമാറും രംഗത്തെത്തിയിരുന്നു.
കേസില്‍ തുടരന്വേഷണവുമായി മുന്നോട്ടുപോകാമെന്ന് സര്‍ക്കാരിന് നിയമോപദേശം ലഭിച്ചു. ബിജെപി ഓഫീസ് സെക്രട്ടറിയായിരുന്ന തിരൂര്‍ സതീഷിന്റെ മൊഴി രേഖപ്പെടുത്താന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ നിര്‍ദേശം നല്‍കി. ഈ മൊഴിയെ അടിസ്ഥാനമാക്കി മുന്നോട്ടുപോകാമെന്നും നിയമോപദേശം നല്‍കിയിട്ടുണ്ട്. നിലവില്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താണ് തിരൂര്‍ സതീഷ്.