പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനില്‍ നിന്നും പുറത്താക്കിയത് പ്രതികാര നടപടി; 'ആന്റോ ജോസഫ് വളരെയേറെ ബുദ്ധിമുട്ടിച്ചു': സാന്ദ്ര തോമസ്
പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനില്‍ നിന്നും തന്നെ പുറത്താക്കിയ നടപടി പ്രതികാര നടപടിയാണെന്ന് നിര്‍മാതാവും നടിയുമായ സാന്ദ്ര തോമസ്. അതേസമയം നിര്‍മാതാവും സംസ്‌കാര സാഹിതി സംസ്ഥാന ചെയര്‍മാനുമായ ആന്റോ ജോസഫിനെതിരെരെയും സാന്ദ്ര തോമസ് രംഗത്തെത്തി. ആന്റോ ജോസഫ് തന്നെ വളരെയേറെ ബുദ്ധിമുട്ടിപ്പിച്ചെന്നും ഇവരെപ്പോലുള്ളവരെ രാജാക്കന്‍മാരായി വാഴിക്കുകയാണെന്നും സാന്ദ്ര പ്രതികരിച്ചു.
സിനിമയില്‍ പവര്‍ ഗ്രൂപ്പ് ഉണ്ടെന്ന് തെളിഞ്ഞുവെന്നും, അതില്‍ സ്ത്രീകളില്ലെന്നും സാന്ദ്ര പറഞ്ഞു. ഈ നടപടി ഒട്ടും പ്രതീക്ഷിച്ചില്ല. തന്റെ പരാതിക്ക് കാരണം ലൈംഗിക ചുവയോടെ സംസാരിച്ചതാണ്. സിനിമയുടെ വിതരണവുമായി ബന്ധപ്പെട്ട യോഗത്തിലേക്ക് വിളിച്ചുവരുത്തി തന്നെ അപമാനിച്ചു. ഭാരവാഹികള്‍ ലൈംഗിക ചുവയോടെ സംസാരിച്ചു. വനിതാ നിര്‍മാതാവായ തനിക്ക് അപമാനം നേരിട്ടുവെന്നും അതിനാലാണ് പരാതി കൊടുത്തതെന്നും സാന്ദ്ര തോമസ് പറഞ്ഞു.
സംഘടനയില്‍ സ്ത്രീ സൗഹൃദ അന്തരീക്ഷമില്ല. തന്നെ നിശബ്ദയാക്കാന്‍ ശ്രമിക്കുന്നതിലൂടെ ബാക്കിയുള്ള സ്ത്രീകളെയും നിശബ്ദരാക്കാനാണ് ശ്രമിക്കുന്നത്. ഹേമ കമ്മറ്റി റിപ്പോര്‍ട്ടിന് ശേഷം മുന്നോട്ടുവന്നവരാരും ഇനി പരാതിയുമായി വരരുത് എന്നതാണ് അവരുടെ ലക്ഷ്യമെന്നും സാന്ദ്ര തോമസ് കൂട്ടിച്ചേര്‍ത്തു.