നവംബര്‍ മാസം സൂപ്പര്‍ ഹിറ്റ് സിനിമകളുടെ ഒടിടി റിലീസുകളാണ് വരാനിരിക്കുന്നത്. മലയാളത്തില്‍ നിന്നും ടൊവിനോയുടെ സൂപ്പര്‍ഹിറ്റ് ചിത്രം 'അജയന്റെ രണ്ടാം മോഷണം' ആദ്യമെത്തും. നവംബര്‍ എട്ട് മുതല്‍ ഹോട്ട്സ്റ്റാറിലൂടെ ചിത്രത്തിന്റെ സ്ട്രീമിങ് ആരംഭിക്കും. ആസിഫ് അലിയുടെ കിഷ്കിന്ധാ കാണ്ഡവും നവംബര്‍ രണ്ടാം വാരം ഹോട്ട്സ്റ്റാറിലൂടെ എത്തിയേക്കും.
സെപ്റ്റംബര്‍ 12ന് തിയേറ്ററിലെത്തിയ അജയന്റെ രണ്ടാം മോഷണം തിയേറ്ററുകളില്‍ വന്‍ വിജയമാണ് നേടിയത്. ടൊവിനോ ആദ്യമായി ട്രിപ്പിള്‍ റോളില്‍ എത്തിയ ചിത്രം 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിരുന്നു. 30 കോടി ബജറ്റിലാണ് ചിത്രം ഒരുക്കിയത്.
തിയേറ്ററുകളില്‍ ഏറെ പ്രശംസ നേടിയ ആസിഫ് അലി ചിത്രമാണ് 'കിഷ്കിന്ധാ കാണ്ഡം.' ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്ത കിഷ്കിന്ധാകാണ്ഡം ഓപ്പണിങ് ദിനത്തില്‍ തന്നെ ശ്രദ്ധ നേടിയിരുന്നു. ആദ്യ ദിനം 45 ലക്ഷം രൂപയായിരുന്നു ചിത്രത്തിന് ലഭിച്ച കളക്ഷന്‍. തുടര്‍ന്ന് സിനിമ തിയേറ്ററില്‍ കത്തിക്കയറുകയായിരുന്നു. 75.25 കോടി രൂപയാണ് സിനിമ ബോക്സ് ഓഫീസില്‍ നിന്നും നേടിയത്.
വിജയരാഘവന്, അപര്‍ണ്ണ ബാലമുരളി എന്നിവരാണ് സിനിമയില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ജഗദീഷ്, അശോകന്, നിഷാന്‍, വൈഷ്ണവി രാജ്, മേജര്‍ രവി, നിഴല്‍കള്‍ രവി, ഷെബിന്‍ ബെന്‍സണ്‍, കോട്ടയം രമേഷ്, ബിലാസ് ചന്ദ്രഹാസന്‍, മാസ്റ്റര്‍ ആരവ്, ജിബിന്‍ ഗോപിനാഥ് എന്നിവരാണ് സിനിമയിലെ മറ്റ് അഭിനേതാക്കള്‍.