വ്യാഴാഴ്ച ചേരുന്ന മോണിറ്ററി പോളിസി കമ്മിറ്റി യോഗത്തില്‍ പലിശ നിരക്കുകള്‍ കുറയ്ക്കാന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് തീരുമാനിച്ചേക്കുമെന്ന് സൂചന. ബാങ്കിന്റെ നീക്കങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ് ബിസിനസ്സുകളും, ഉപഭോക്താക്കളും. മോര്‍ട്ട്‌ഗേജ് വിപണിയും വളരെ പ്രതീക്ഷയോടെയാണ് തീരുമാനം കാത്തിരിക്കുന്നത്.
നിലവിലെ ബേസ് റേറ്റായ 5 ശതമാനത്തില്‍ നിന്നും 4.75 ശതമാനത്തിലേക്ക് നിരക്ക് കുറയ്ക്കാന്‍ ബാങ്ക് തീരുമാനിക്കുമെന്നാണ് അനലിസ്റ്റുകളുടെ പ്രവചനം. ഉച്ചതിരിഞ്ഞ് ഇക്കാര്യത്തില്‍ വ്യക്തത കൈവരും. ഇത് നടപ്പായാല്‍ കടമെടുപ്പ് ചെലവുകള്‍ കുറയും.
ബാങ്കിന്റെ മോണിറ്ററി പോളിസി കമ്മിറ്റി വര്‍ഷത്തില്‍ എട്ട് തവണയാണ് റേറ്റ് നിശ്ചയിക്കാന്‍ ചേരുന്നത്. യുകെയിലെ ലേബര്‍ ഗവണ്‍മെന്റിന്റെ ബജറ്റും, യുഎസില്‍ ഡൊണാള്‍ഡ് ട്രംപിന്റെ വരവും വിപണിയില്‍ പ്രതിഫലിക്കുന്ന സാഹചര്യത്തിലാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് തീരുമാനം സുപ്രധാനമാകുന്നത്.
98 ശതമാനം വിപണി പ്രതീക്ഷയും നിരക്ക് കുറയ്ക്കുന്നതിനെ അനുകൂലിക്കുന്നു. നിരക്ക് വെട്ടിക്കുറച്ചാല്‍ ആദ്യത്തെ വീട് വാങ്ങാന്‍ കാത്തിരിക്കുന്നവര്‍ക്കും, മോര്‍ട്ട്‌ഗേജ് റിന്യൂ ചെയ്യുന്നവര്‍ക്കും ആശ്വാസമാകും.