16 വയസ്സില്‍ താഴെയുള്ള കുട്ടികളുടെ സോഷ്യല്‍മീഡിയ ഉപയോഗം നിരോധിക്കാന്‍ ഫെഡറല്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇതു സംബന്ധിച്ച ബില്ല് ഈ മാസം അവസാനം പാര്‌ലമെന്റില്‍ അവതരിപ്പിക്കും.
നാളെ നടക്കുന്ന ദേശീയ മന്ത്രിസഭാ യോഗത്തില്‍ ഇതു സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ എല്ലാ സംസ്ഥാനങ്ങളിലും ടെറിട്ടറികളിലുമുള്ള മന്ത്രിമാര്‍ക്ക് പ്രധാനമന്ത്രി ആന്റണി ആല്‍ബനീസ് കൈമാറും. നിയമം പാസാക്കി 12 മാസത്തിന് ശേഷമാകും നിരോധനം പ്രാബല്യത്തില്‍വരിക. നിരോധനത്തിന്റെ ഉത്തരവാദിത്വവും മേല്‍നോട്ടവും ഈ സേഫ്റ്റി കമ്മീഷണറുടെ ഓഫീസിനാകും. ലോകത്ത് ആദ്യമായിട്ടാണ് ഇത്തരമൊരു നിയമം കൊണ്ടുവരുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ചെറിയ പ്രായത്തിലുള്ള കുട്ടികളുടെ സോഷ്യല്‍മീഡിയ ഉപയോഗം വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നതിനിടെയാണ് ശക്തമായ നീക്കവുമായി സര്‍ക്കാര്‍ രംഗത്തുവന്നത്. ഭൂരിഭാഗം മാതാപിതാക്കളും നിയമത്തോട് അനുകൂലമായിട്ടാണ് പ്രതികരിച്ചത്.