പ്രണയത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ പെണ്‍കുട്ടിയെ വീട്ടുകാര്‍ വിദേശത്തേക്ക് പറഞ്ഞയച്ചതിലുള്ള ദേഷ്യത്തില്‍ അച്ഛന് നേരെ വെടിയുതിര്‍ത്ത് 25കാരന്‍. താനുമായുള്ള ബന്ധം അവസാനിപ്പിക്കാനാണ് യുവതിയുടെ വീട്ടുകാര്‍ അവളെ അമേരിക്കയിലേക്ക് പറഞ്ഞയച്ചതെന്ന് ആരോപിച്ച് ഇയാള്‍ വീട്ടില്‍ എത്തി ബഹളമുണ്ടാക്കുകയായിരുന്നു. വാക് തര്‍ക്കത്തിനൊടുവില്‍ കൈയില്‍ കരുതിയിരുന്ന എയര്‍ ഗണ്‍ കൊണ്ട് യുവതിയുടെ അച്ഛന് നേരെ വെടിയുതിര്‍ത്തു.
ഹൈദരാബാദിലാണ് സംഭവം ദാരുണ സംഭവം നടന്നത്. കണ്ണില്‍ വെടിയേറ്റ രേവന്ത് ആനന്ദ് എന്ന 57 വയസുകാരന്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രില്‍ കഴിയുകയാണ്. 25കാരനായ ബല്‍വീന്ദറും വ്യവസായിയായ ആനന്ദിന്റെ 23കാരിയായ മകളും തമ്മില്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി നല്ല അടുപ്പത്തിലായിരുന്നു. അച്ഛന്‍ ഈ ബന്ധത്തെക്കുറിച്ച് അറിഞ്ഞപ്പോള്‍ തന്നെ മകളെ വിലക്കി. യുവാവിനെ ഇനി കാണരുതെന്ന് നിര്‍ദേശിച്ചെങ്കിലും അത് മകള്‍ അനുസരിച്ചില്ല.
ഇരുവരും തമ്മില്‍ അടുപ്പം തുടര്‍ന്നു. ഫോണിലൂടെയും മറ്റും പതിവായി സംസാരിക്കുകയും ചെയ്തു. ഇത് അവസാനിപ്പിക്കാനാണ് യുവതിയുടെ അച്ഛന്‍ മുന്‍കൈയെടുത്ത് അവളെ അമേരിക്കയിലേക്ക് അയച്ചത്. ഇക്കാര്യം അറിഞ്ഞ് ബല്‍വീന്ദര്‍ യുവതിയുടെ വീട്ടിലെത്തി ബഹളം വെച്ചു. വഴക്കിനിടെ കൈയില്‍ കരുതിയിരുന്ന തോക്കെടുത്ത് ഇയാള്‍ വെടിവെയ്ക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ആനന്ദിനെ പോലീസ് എത്തിയാണ് ആശുപത്രിയില്‍ എത്തിച്ചത്. ഉടന്‍ തന്നെ സ്ഥലത്തു നിന്ന് രക്ഷപ്പെട്ട യുവാവിനെ പിന്നീട് പോലീസ് പിടികൂടി. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം തുടരുകയാണ്.