പത്തനംതിട്ടയില്‍ റോഡ് ബ്ലോക്ക് ചെയ്ത് യുവാക്കളുടെ കേക്ക് മുറിച്ചുള്ള പിറന്നാളാഘോഷം; കേസെടുത്തു

പത്തനംതിട്ടയില്‍ റോഡ് ബ്ലോക്ക് ചെയ്ത് യുവാക്കളുടെ കേക്ക് മുറിച്ചുള്ള പിറന്നാളാഘോഷം; കേസെടുത്തു
പത്തനംതിട്ട നഗരത്തില്‍ സെന്റ് പീറ്റേഴ്‌സ് ജംഗ്ഷനില്‍ പരസ്യമായി കേക്ക് മുറിച്ച് ജന്മദിനാഘോഷം നടത്തിയ സംഭവത്തില്‍ ഒന്നാംപ്രതി അറസ്റ്റില്‍. പത്തനംതിട്ട വെട്ടിപ്പുറം സ്വദേശി ഷിയാസ് ആണ് അറസ്റ്റില്‍ ആയത്.

വാഹനഗതാഗതം തടസ്സപ്പെടുത്തിയും പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിച്ചുമായിരുന്നു ഈ 'ആഘോഷ ആഭാസം'. ഞായറാഴ്ച രാത്രി 9 15നാണ് യുവാക്കള്‍ ജന്മദിനാഘോഷം നടത്തിയത്. നിരവധി കാറുകളില്‍ സെന്റ് പീറ്റേഴ്സ് ജംക്ഷനില്‍ എത്തിയ സംഘം, പള്ളിക്ക് മുന്‍പില്‍ കാറുകള്‍ പാര്‍ക്ക് ചെയ്യുകയും, കൂട്ടം കൂടി ജന്മദിനം ആഘോഷിക്കുകയുമായിരുന്നു. ഇവയെല്ലാം വീഡിയോകളാക്കി യുവാക്കള്‍ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. കമ്മട്ടിപ്പാടം എന്ന ക്ലബിന്റെ നേതൃത്വത്തിലായിരുന്നു ജന്മദിനാഘോഷം.

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും ജന്മദിനാഘോഷത്തില്‍ പങ്കെടുത്തിരുന്നുവെന്ന് ആരോപണമുണ്ട്. എന്നാല്‍ സംഭവത്തെക്കുറിച്ച് അറിയില്ലെന്ന് ഡിവൈഎഫ്‌ഐ നേതൃത്വം വ്യക്തമാക്കി. രാഷ്ട്രീയ സ്വാധീനമുള്ള യുവാക്കളുടെ സംഘം നടുറോഡില്‍ ഗതാഗതം തടസ്സപ്പെടുത്തി ജന്മദിനം ആഘോഷിക്കുമ്പോള്‍ പൊലീസ് കണ്ണടയ്ക്കുകയാണെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു.

പത്തനംതിട്ട പൊലീസ് ഇന്‍സ്‌പെക്ടര്‍ ഡി ഷിബു കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. ബാക്കിയുള്ള ഇരുപതോളം പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. പത്തനംതിട്ട ഡിവൈഎസ്പി എസ് നന്ദകുമാറിന്റെ മേല്‍നോട്ടത്തിലാണ് അന്വേഷണം നടക്കുന്നത്.

Other News in this category



4malayalees Recommends